കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ പിടിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണു നടപടി.
പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കാത്തതാണു മത്സ്യബന്ധന ഉപകരണങ്ങളെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. ഫർവാനിയ ഗവർണറേറ്റിലും സെൻട്രൽ മാർക്കറ്റിലും ഒട്ടേറെ പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റസ്റ്ററൻറുകളിൽനിന്ന് ഉപയോഗിച്ച എണ്ണ ഒഴുക്കിക്കളയുന്നതിനാൽ ഓടകൾ അടയുന്നുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി പറയുന്നു.
ബുബ്‌യാൻ ദ്വീപിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാനും അതോറിറ്റി രംഗത്തെത്തി. ബുബ്‌യാനിലേത് തുടക്കം മാത്രമാണെന്നും കുവൈത്ത് മുഴുവൻ ഹരിതവൽക്കരണത്തിന് പദ്ധതിയുണ്ടെന്നും പരിസ്ഥിതി അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ അഹമ്മദ് പറഞ്ഞു.