ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദർശിക്കും. 35 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുവൈറ്റ് സന്ദർശിക്കാനായി ഔദ്യോഗികമായി ക്ഷണക്കത്ത് നൽകിയതായി ഇന്ത്യൻ അംബസിഡർ സുനിൽ ജെയിൻ അറിയിച്ചു. സന്ദർശന തീയതിയും, മറ്റു വിവരങ്ങളും നിശ്ചയിട്ടില്ലെന്നും, ഇരു രാജ്യങ്ങളുടെയും സൗകര്യം കണക്കിലെടുത്താകും സന്ദർശന തീയതി നിശ്ചയിക്കുകയെന്നും അംബസിഡർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കുവൈറ്റ് സന്ദർശിച്ച് ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. കുവൈറ്റിലെ ഇന്ത്യാക്കാരുടെ വളരെക്കാലത്തെ ആഗ്രഹമായ ഇന്ത്യൻ പ്രധാനമന്തിയുടെ സന്ദർശനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകാൻ പോവുന്നത്. ഇന്ത്യാ കുവൈറ്റ് ബന്ധം ശക്തിപെടുത്തന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും മന്ത്രിതല സംയുക്ത സമിതി സെപ്റ്റംബർ 18 മുതൽ 20 വരെ കുവൈറ്റിൽ വച്ച് കുടിച്ചേരുമെന്ന് അംബാസിഡർ അറിയിച്ചു.
ഇന്ത്യയിൽ നിന്നും കുവൈറ്റിലോട്ട് പുതുതായി വിമാന സർവീസ് നടത്തുവാൻ ഇൻഡിഗോ, ഗോ എയർ എന്നീ ഇന്ത്യൻ കമ്പനികൾക്ക് അനുമതി ലഭിച്ചതായും അംബാസിഡർ അറിയിച്ചു.