മകന്​ വേണ്ടി ദുബൈയിലെ ഏറ്റവും വിലകൂടിയ വില്ല (650കോടി രൂപ) വാങ്ങി മുകേഷ്​ അംബാനി

ദുബൈ : എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ്​ അംബാനിയെന്ന്​ ​റിപ്പോർട്ട്​. ഏകദേശം 30കോടി ദിർഹം (650കോടി രൂപ) വിലക്കാണ്​ ബീച്ചിനോട്​ ചേർന്ന വില്ലയുടെ കച്ചവടം നടന്നത്​.

ഇളയ മകൻ ആനന്ദിന്​ വേണ്ടിയാണ്​ ദുബൈയിലെ ഏറ്റവും വിലയേറിയ താമസസ്ഥലം വാങിയതെന്നാണ്​ മാധ്യമങ്ങൾ റിപ്പോറട്ട്​ ചെയ്തത്​. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുകേഷ്​ അംബനിയുടെ റിലയൻസ്​ കമ്പനി അധികൃതർ സന്നദ്ധമായിട്ടില്ല.

യു.എസിലും യു.കെയിലും ഉൾപ്പെടെ ലോകമെമ്പാടും പലയിടത്തും അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്​. ലോകത്തെ ഏറ്റവും ആകർഷണീയ നഗരങ്ങളിലൊന്നായ ദുബൈയിലും വില്ല സ്വന്തമാക്കിയത്​ ഇതിന്‍റെ ഭാഗമാണെന്നാണ്​ റിപ്പോർട്ടുകൾ പറയുന്നത്​. മുംബൈയിലെ ആൻറിലയിലെ 27നില കെട്ടിടമാണ്​ കുടുംബത്തിന്‍റെ ഇന്ത്യയിലെ താമസ കേന്ദ്രം.

പാം ജുമൈറയിലെ വില്ല 10ബെഡ്​ റൂമുകളടങ്ങിയതാണ്​. അന്താരാഷ്​രട തലത്തിൽ തന്നെ വില്ലയുടെ വിൽപന വാർത്തയായിരുന്നു. മുകേഷ്​ അംബാനിയുടെ മൂന്ന്​ മക്കളിൽ ഏറ്റവും ഇളയവനായ ആനന്ദിന്​ വേണ്ടിയാണിത്​ വാങ്ങിയതെന്ന്​ ‘ഇകണോമിക് ടൈംസ്​’ റിപ്പോർട്ടിലാണ്​ പറയുന്നത്​.