അബുദാബി ∙ രാജ്യത്തേക്ക് ആദ്യമായി മ്യാൻമറിൽ നിന്നും ഗാർഹിക തൊഴിലാളികളെത്തും. ഗാർഹിക തൊഴിലാളികളുടെ വീസ നടപടികൾ പൂർത്തിയാക്കുന്ന ‘തദ്ബീർ ‘ സെന്ററുകൾ വഴിയാണ് മ്യാൻമർ തൊഴിലാളികളെ എത്തിക്കുക. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മ്യാൻമറിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ചെലവ് കുറവാണ്.
11,500 ദിർഹത്തിന് തൊഴിലാളികളെ കൊണ്ടുവരാം. 1000 ദിർഹമാണ് ഇവരുടെ ഇടത്തരം വേതനം . യുഎഇയിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്ന ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ചെലവ് കൂടുതലാണ്. 1500 ദിർഹത്തിൽ കുറഞ്ഞ വേതനം പാടില്ലെന്ന വ്യവസ്ഥയും നിയമനത്തിനുണ്ട്. കുട്ടികളെ പരിചരിക്കുന്നതിലും പാചകത്തിലും മ്യാൻമർ വീട്ടുജോലിക്കാർ വിദഗ്ധരാണെന്നതും പുതിയ റിക്രൂട്മെന്റിനു കാരണമാണ്.
കൂടുതൽ രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികൾ എത്തുമ്പോൾ തൊഴിൽ മേഖലയിൽ സാംസ്കാരിക വൈവിധ്യമുണ്ടാകും. അവരിൽ നിന്ന് ഏറ്റവും മെച്ചപ്പെട്ടവരെ തിരഞ്ഞെടുക്കാൻ കുടുംബങ്ങൾക്ക് അവസരം ലഭിക്കുമെന്ന് അബുദാബി ദൽമ മാളിലെ ലേബേഴ്സ് സർവീസ് ആൻഡ് ക്വാളിറ്റി സെന്റർ ഡയറക്ടർ മുഹമ്മദ് മഹ്മൂദ് പറഞ്ഞു. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തദ്ബീർ സെന്റർ നടത്തിപ്പുകാരുമായി കൂടിയാലോചന നടത്തിയാണ് മ്യാൻമർ തൊഴിലാളികളെ കൊണ്ടുവരാൻ ധാരണയായത്.
ഫിലിപ്പീൻസ് തൊഴിലാളികളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്ക് കാലതാമസവുമുണ്ട്. ഫിലിപ്പീൻസിലെ നടപടികൾക്ക് മാത്രം 45 ദിവസം വേണം. ഇന്തൊനീഷ്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നതാണു ഈ രംഗത്തെ പ്രതിസന്ധി. കുറഞ്ഞ നിരക്കിൽ ഒരു വിമാന ടിക്കറ്റ് തരപ്പെടാൻ ഒരു മാസമെങ്കിലും കാത്തിരിക്കണമെന്ന് അബുദാബിയിലെ തദ്ബീർ സെന്റർ പ്രതിനിധി അംറ് മുഹമ്മദ് പറഞ്ഞു.
ഇത്തരം പ്രതിസന്ധികൾ മറികടക്കാനുള്ള പുതുവഴിയാണ് മ്യാൻമർ ഗാർഹിക തൊഴിലാളികളുടെ പുതിയ റിക്രൂട്ട്മെന്റ്. മ്യാൻമർ തൊഴിലാളികൾക്കായി ഇപ്പോൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതായി തദ്ബീർ സെന്റർ ഉടമകൾ പറഞ്ഞു.