മസ്കറ്റ്: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ് (സണ്ണി-70) ആണ് വ്യാഴാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നയാളാണ്. ജൂൺ രണ്ടാം തീയതിയാണ് ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ നില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 17നാണ് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സൂസൻ മാത്യു. മക്കൾ: ഫിലിപ്പ് മാത്യു, സീന സ്റ്റാൻലി, സിൻസി മേരി മാത്യു. 48 വർഷത്തോളമായി പരേതൻ ഒമാനിലുണ്ട്. മുമ്പ് അൽ ഖുവൈറിൽ പ്രവർത്തിച്ചിരുന്ന സണ്ണി സൂപ്പർമാർക്കറ്റ് ഇദ്ദേഹത്തിന്റെ തായായിരുന്നു. ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ മലയാളിയാണ് ഇദ്ദേഹം.