മനാമ: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളെ ബഹ്റൈനിലെത്തിക്കാൻ ശ്രമം തുടർന്ന് അധികൃതർ. 1,30,000 ക്യാപ്റ്റൺ ഗുളികകളാണ് സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരരെന്ന് കരുതുന്ന പ്രതികൾ രണ്ടുപേരും 26 വയസ്സുള്ളവരാണ്. ഇവർ രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തനം നടത്തുന്നതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമായിരുന്നു ഏകദേശം 1.7 ദശലക്ഷം ഡോളർ വിലവരുന്ന ക്യാപ്റ്റൺ ഗുളികകൾ പിടിച്ചെടുത്തത്. കസ്റ്റംസ്, മയക്കുമരുന്ന് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ ഉൾപ്പെടെ സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് ഇവ പിടിച്ചെടുത്തത്. കാർഗോ വഴി കടത്താനായിരുന്നു ശ്രമം. പ്രത്യേക വർക്ക്ഷോപ്പുകളിൽ തയാറാക്കിയ പൈപ്പുകളിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.ഖത്തർ അധികൃതർ പങ്കുവെച്ച നിർണായക വിവരങ്ങളാണ് മയക്കുമരുന്ന് പിടിക്കുന്നതിലേക്ക് വഴിവെച്ചത്. പൈപ്പിലൊളിപ്പിച്ച മയക്കുമരുന്ന് പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു. സംഭവത്തിൽ ഒരു വനിതയും അറസ്റ്റിലായിട്ടുണ്ട്.