കുവൈറ്റ് സിറ്റി. 15,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്. ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളെയാണ് നാടുകടത്തിയത്. വരുമാനമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോറിനേഴ്സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ അധിക പേര്‍ക്കും വ്യക്തമായ വരുമാന സ്രോതസുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നാടുകടത്തപ്പെടുന്നവരില്‍ ഭൂരിഭാഗവും ഏഷ്യന്‍, അറബ് വംശജരാണ്.
ഇവരില്‍ പലരും മാര്‍ക്കറ്റിലോ വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂറോ ലഭിക്കുന്ന താല്‍ക്കാലിക ജോലികള്‍ ചെയ്തുവരികയായിരുന്നു. നിയമം ലംഘിച്ച് വഴിയോര കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നവരും നാടുകടത്തിയവരില്‍പ്പെടുന്നു. താമസം നിയമവിധേയമാണെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.