പ്രമുഖ കമ്പനിയിൽ നിന്നും 17 കോടി രൂപ മോഷ്ടിച്ചു; മാനേജർക്ക് ശിക്ഷ

ദുബായ് ∙ ജോലി ചെയ്യുന്ന പ്രമുഖ വാണിജ്യ കമ്പനിയിൽ നിന്നു 77 ലക്ഷം ദിർഹം (17 കോടിയിലേറെ രൂപ) മോഷ്ടിച്ചതിനും 11.9 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും ഫിനാൻഷ്യൽ മാനേജരെ ദുബായ് കോടതി ശിക്ഷിച്ചു. കോടതിയിൽ ഹാജരാകാത്തതിന് മൂന്നു വർഷത്തെ തടവിനും പ്രത്യേകം ശിക്ഷിച്ചു. ഇവ പൂർത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും വിധിച്ചു.

കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പനിയിൽ പൊലീസ് റെയ്ഡ് നടത്തിയതായും 77 ലക്ഷം ദിർഹം പിടിച്ചെടുത്തതായും കമ്പനിയുടമയ്ക്ക് മാനേജർ വ്യാജ രേഖകൾ നൽകുകയായിരുന്നു. ഇതിനു പിന്നാലെ പ്രതി അയാളുടെ സ്വന്തം നാട്ടിലേക്കു കടക്കുകയും ചെയ്തു. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ തിരിമറികൾ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് കമ്പനിക്കുള്ളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കുറ്റവാളി അവധി ദിവസം പുലർച്ചെ കമ്പനിയിൽ കയറി 77 ലക്ഷം ദിർഹം മോഷ്ടിക്കുന്നതു കണ്ടെത്തി. ജീവനക്കാരുടെ ശമ്പളത്തിനായി അനുവദിച്ച 32 ലക്ഷം ദിർഹം പ്രതി കൈക്കലാക്കുകയും 40 ദിവസത്തിനുള്ളിൽ 1.43,000 ദിർഹം എന്നു കണക്കാക്കുന്ന നാലു മാസത്തെ ശമ്പളം സ്വയം കൈമാറ്റം ചെയ്യുകയും ചെയ്തതായും വ്യക്തമായി. മാനേജർ ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.