ട്വന്റി 20 നാടൻ പന്ത് കളി ടൂർണമെന്റിൽ പാറമ്പുഴ ജേതാക്കൾ

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സിഞ്ച് മൈതാനിയിൽ നടന്നു വന്നിരുന്ന ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി  മത്സരത്തിന്റെ ഫൈനലിൽ മീനടം ടീമിനെ പരാജയപ്പെടുത്തി പാറമ്പുഴ ടീം വിജയികളായി. വിജയികൾക്ക് മഹിമ ഇലക്ട്രിക്കൽസ് ഏവർറോളിംഗ് ട്രോഫി OICC ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറം ട്രോഫികളും മെഡലുകളും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ മീനടം ടീമിന് ബെഥേൽ ട്രേഡിങ് ഏവർറോളിംഗ് ട്രോഫി കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ. ബോബി പാറയിൽ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പാറമ്പുഴ ടീമിന്റെ സിറിളിനെയും, മികച്ച കാലടിക്കാരനായി മീനടം ടീമിന്റെ സ്മിനു ഫിലിപ്പിനെയും, മികച്ച പിടുത്തക്കാരനായി മീനടം ടീമിന്റെ ജിജുവിനെയും, മികച്ച കൈവെട്ടുകാരനായി കോട്ടയം പ്രവാസി ഫോറം ടീമിന്റെ ഷിനുവിനേയും, നവാഗത പ്രതിഭയായി കോട്ടയം പ്രവാസി ഫോറം ടീമിന്റെ സെബിനെയും തിരഞ്ഞെടുത്തു. ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. റെജി കുരുവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ശ്രീ. രാജു കല്ലുമ്പുറം, ശ്രീ. ബോബി പാറയിൽ, ഫെഡറേഷൻ സെക്രട്ടറി സാജൻ തോമസ്, ഫെഡറേഷൻ ഭാരവാഹികളായ റോബിൻ എബ്രഹാം, മനോഷ് കോര, അനീഷ് ഗൗരി എന്നിവർ ആശംസകൾ അർപ്പിച്ചു.