2034ലെ ലോകകപ്പ് ഫുട്ബോൾ; ഓസ്‌ട്രേലിയ പിന്മാറി സൗദി വേദിയാകുമെന്ന് സൂചന

സൗദി: 2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി ശ്രമങ്ങൾ നടത്തി. എന്നാൽ ചർച്ചകൾക്ക് ഫലമില്ലാതായതോടെ തങ്ങൾ പിന്മാറുന്നതായി ഓസ്‌ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു.
2034 ലോകകപ്പ് ആസിയാൻ രാജ്യങ്ങളിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും അവസാനം പിന്മാറുകയായിരുന്നു. 2026 ലോകകപ്പ് വടക്കൻ അമേരിക്കയിലെ കാനഡ, മെക്‌സികോ, യുഎസ് എന്നീ രാജ്യങ്ങളിലായാണ് നടക്കുക. 2030 ലോകകപ്പ് നടക്കുന്നത് മൂന്ന് ഭൂഖണ്ഡങ്ങളിലായാണ്. മൊറോക്കോ, പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് 2030 ലോകകപ്പിന്റെ പ്രധാന സംഘാടകർ. അർജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളും വേദിയൊരുക്കും.