സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര്‍ : പരിശോധന തുടരുന്നു

റിയാദ്: സൗദിഅറേബ്യയയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെ ഭാഗമായി നിരവധി പേർ പിടിയിലായി . കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,778 പേരെയാണ് പിടികൂടിയത്. ഇവരിൽ 11,523 താമസ നിയമലംഘകരും 5,711 അതിർത്തി സുരക്ഷാ ലംഘകരും 3,544 തൊഴിൽ നിയമലംഘകരും ഉൾപെടും .രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 1,569 പേർ സുരക്ഷാ സേനയുടെ പിടിയിലായി . ഇവരില്‍ 73 ശതമാനം പേര്‍ എത്യോപ്യക്കാറം 24 ശതമാനം പേര്‍ യെമനികളും മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയൽ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് നിർദേശം നൽകി .