മസ്കകറ്റ്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) രണ്ടാംഘട്ട ഹോം ആംബുലൻസ് സേവനങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. മസ്കത്ത്, വടക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് സേവനങ്ങൾ ലഭ്യമാവുക.
ഈ വർഷം ഫെബ്രുവരിയിലായിരുന്നു സി.ഡി.എ.എ ആറ് ഗവർണറേറ്റുകളിൽ ഹോം ആംബുലൻസ് സേവനങ്ങൾക്ക് തുടക്കമിട്ടത്. മുസന്ദം, ബുറൈമി, ദാഹിറ, അൽ വുസ്ത, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരുന്നു ആദ്യഘട്ടത്തിൽ സേവനങ്ങൾ നൽകിയിരുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര വൈദ്യസഹായം അവരുടെ വസതിയിൽ എത്തിക്കുകയും ആവശ്യമെങ്കിൽ രോഗിയെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുമാണ് ഈ ആംബുലൻസ് സേവനം ആരംഭിച്ചത്.
ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗം, ഗുരുതരമായ ഒടിവുകൾ, പെട്ടെന്നുള്ള ബോധക്ഷയം, കഠിനമായ രക്തസ്രാവം, നാഡീവ്യൂഹ രോഗങ്ങൾ, വൈദ്യുതാഘാതം, വിഷബാധ, മുങ്ങിമരണം, പൊള്ളൽ തുടങ്ങിയവക്ക് അടിയന്തര സേവനങ്ങൾ നൽകാനാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് റോയൽ ഒമാൻ പൊലീസിന്റെ എമർജൻസി ഹോട്ട്ലൈൻ നമ്പറിലോ (9999) അല്ലെങ്കിൽ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ (2434-6666) കേന്ദ്രത്തിലോ വിളിക്കാം. പാരാമെഡിക്കൽ അംഗങ്ങൾ അടക്കമുള്ള ടീമിനെയാണ് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ഒരുക്കിയിരിക്കുന്നത്.