നാല് പതിറ്റാണ്ട് സലാലയിൽ പ്രവാസജീവിതം ; നാട്ടിലെക്ക് മടങ്ങാനൊരുങ്ങി കോയസാഹിബ്

സലാല : നാല് പതിറ്റാണ്ടിനോടടുക്കുന്ന പ്രവാസ ജീവിതത്തിനു വിരാമം കുറിച്ച് കൊണ്ട് സലാലക്കാരുടെ കോയക്ക നാടണയുകയാണ്. ദീർഘകാലം സലാല കെഎംസിസിയുടെ നേതൃനിരയിൽ തിളങ്ങിയ ജനകീയ നേതാവിന് കോഴിക്കോട് ജില്ലാ കെഎംസിസി യാത്രയയപ്പ് നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് മഹമൂദ് ഹാജി എടച്ചേരി ഉപഹാരം സമർപ്പിച്ചു. 1983 ൽ സലാലയിൽ എത്തിയ K A അഹമദ് കോയ എന്ന പുതിയങ്ങാടിക്കാരൻ കോയക്ക 37 വർഷത്തെ പ്രവാസം അവസാനിപ്പിക്കുമ്പോൾ സലാലക്ക് നഷ്ടമാവുന്നത് നല്ലൊരു പൊതു പ്രവർത്തകനെയാണ്. കലാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായിരുന്നു കോയക്ക. സലാലയിൽ കെഎംസിസി കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ചു.37 വർഷത്തെ പ്രവാസത്തിന്റെ ബാക്കിയെന്തെന്നു ചോദിച്ചാൽ കോയക്ക പറയും എന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയാണെന്റെ സമ്പാദ്യം എന്ന്. ഉയർന്ന നേതൃസ്ഥാനങ്ങൾ തന്നെ തേടിയെത്തുമ്പോഴെല്ലാം അദ്ദേഹം കൂടുതൽ താഴെ തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്നത്തെ പല നേതാക്കളെയും കെഎംസിസി യിലേക്ക് കൈപിടിച്ച് കയറ്റിയത് അദ്ദേഹമായിരുന്നു. രാഷ്ട്രീയത്തിനപ്പുറം ഒരു കലാസ്നേഹി കൂടിയായിരുന്നു അദ്ദേഹം. മാപ്പിളകലകളോട് വല്ലാത്ത അഭിനിവേശം കാണിച്ച കോയക്ക കെഎംസിസി യുടെ കീഴിൽ ഒരു കലാവിങ്ങിനു(ഹരിതം സലാല ) കൂടി തുടക്കം കുറിച്ചിരുന്നു. പതിറ്റാണ്ടുകൾ പ്രസ്ഥാനത്തിന്റെ നേതൃത്വം കൈയാളിയെങ്കിലുംആർക്കും ഒരു പരാതി പറയാൻ അവസരം നൽകാതെ മുഴുവൻ പ്രവർത്തകരുടെയും നിറഞ്ഞ സ്നേഹം ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മഹമൂദ് ഹാജി എടച്ചേരി. ഹാഷിം കോട്ടക്കൽ. അനസ് ഹാജി.വി സി മുനീർ മുട്ടുങ്ങൽ. ബഷീർ ONTC എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

വാർത്ത : മുനീർ വിസി, സലാല