ബഹ്‌റൈൻ : ഡിസംബർ 6 ന് വെള്ളിയാഴ്ച്ച ബുസൈത്തീനിലെ 20 ഗ്രൗണ്ടുകളിലായി നടക്കുന്ന സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന് മുന്നോടിയായി പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരെയും മാനേജർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു. ഒരേ സമയം ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിച്ച മീറ്റിംഗിൽ ടൂർണമെന്റിന്റെ നിയമാവലി അവതരിപ്പിക്കുകയും ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്‌തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയിക്കുന്ന ടീമുകൾക്കും വ്യക്തിഗത നേട്ടങ്ങൾക്കും ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകരായ ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം അറിയിച്ചു. ബ്രോസ് & ബഡ്ഡീസ് അംഗമായിരുന്ന സുനിൽ ജോർജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ നാലാം സീസണാണ് ഈ വർഷം നടക്കുക.