മസ്കറ്റ്. മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ.മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എഞ്ചിനിൽ ഉണ്ടായ തീപിടുത്തം തൊണ്ണൂറ് സെക്കൻഡ് കൊണ്ട് അണക്കുവാനും നിയന്ത്രണവിധേയമാക്കുവാനും കഴിഞ്ഞ മികച്ച രക്ഷാപ്രവർത്തനത്തിന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തെ അഭിനന്ദിച്ചു കൊണ്ട് ഒമാൻ എയർപോർട്ട് അധികൃതർ സന്ദേശം പുറപ്പെടുവിച്ചിച്ചു.
ഈ സന്ദേശത്തിലാണ് തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമൂലം ഒരു വൻദുരന്തം ഒഴിവായതായും യാത്രക്കാർ പിന്നീട് പ്രതികരിക്കുകയുണ്ടായി. സെപ്തംബർ പതിനാലിന് ഒമാൻ സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഐ .എക്‌സ് 442 വിമാനത്തിലാണ് പുക കണ്ടത്.
പറന്നുയരുന്നതിനു തൊട്ടുമുമ്പ് എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാരെ പെട്ടന്ന് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെ പെട്ടന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുവാൻ സാധിച്ചു. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.