സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

റിയാദ് :സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച (17) വരെ മരിച്ചവരുടെ പേരു വിവരമാണ് എംബസി പുറത്ത് വിട്ടത്. നേരത്തെ മരിച്ച മലയാളികളായ പാലക്കണ്ടിയിൽ ഷബ്‌നാസ്, സഫ്‌വാൻ നടമ്മൽ എന്നിവർക്ക് പുറമെ സുലൈമാൻ സയ്യിദ് ജുനൈദ് (മഹാരാഷ്ട്ര), ബദർ ആലം (യുപി), അസ്മത്തുള്ള ഖാൻ (തെലുങ്കാന) എന്നിവരാണ് മരിച്ചത്. കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി ആവശ്യമായ വിവരങ്ങളും മുൻകരുതലുകളും ഉൾക്കൊള്ളുന്ന അംബാസഡറുടെ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യൻ സമൂഹത്തെ അറിയിക്കുന്നുണ്ട്. സൗദി ആരോഗ്യ മന്ത്രാലയവുമായി വിഡിയോ ക്ലിപ്പിലൂടെ ആശയ വിനിമയം നടത്തുകയും ചെയ്‌തു. സാമൂഹിക അകലം ഉൾപ്പെടെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും ആരോഗ്യ പ്രവർത്തകരുടെ പരിചരണവും ഉറപ്പാക്കാൻ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന പ്രധാന കമ്പനികളുമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി സഹായവും മാർഗനിർദേശവും തേടുന്നതിന് ഇന്ത്യൻ ഡോക്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പ് നിലവിൽ വന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരുമായും ഇന്ത്യൻ മാധ്യമ പ്രവർത്തകരുമായും രണ്ട് ദിവസങ്ങളിലായി വിഡിയോ കോൺഫറൻസ് നടത്തുകയും ചെയ്തു.ഇന്ത്യക്കാരായ ആവശ്യക്കാരെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസിയുടെ പ്രത്യേക ഹെൽപ് ലൈൻ സദാ സജ്ജമാണ്. ആവശ്യമാകുന്നിടത്ത് ഭക്ഷണംഎത്തിക്കുന്നതിന് ഇന്ത്യൻ റസ്റ്ററന്റുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇന്ത്യൻ ഹോട്ടലുകളുമായും ധാരണയായതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അവരോട് അടുത്ത് നിന്ന് പ്രവർത്തിക്കാനും മഹാമാരിയെ നേരിടാനുമാണ് എംബസി നേതൃത്വം നൽകുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ നടത്തിയ സംഗമത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശമുള്ളതായും എംബസി അറിയിച്ചു.ഇന്ത്യയിൽ ലോക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ കഴിയില്ല. ഏതെങ്കിലും തരത്തിൽ സാധ്യത തെളിഞ്ഞാൽ അവ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സൗദി അധികൃതരുമായും ഇന്ത്യൻ സർക്കാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താകുറിപ്പിൽ പറഞ്ഞു.വൈറസ് പ്രതിരോധത്തിന് സൗദി അധികൃതരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നതിന് ഇന്ത്യൻ സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾതുടരുന്നുണ്ട്. വാട്സാപ്പ് സേവനം ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാൻ 00966 54610 3992 എന്ന നമ്പറിൽ വിളിക്കാം.eoiriyadh.gov.in വെബ്സൈറ്റിലോ IndianEmbRiyadh എന്ന ട്വിറ്റർ ഐഡിയിലോ India in Saudi Arabia എന്ന ഫെയ്സ്ബുക് അക്കൗണ്ട് വഴിയോ എംബസിയുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ട്.