വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതി: പണ്ഡിത സഭ

റിയാദ് : കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള കർഫ്യൂ ലോക രാജ്യങ്ങളിൽ നിലനിൽക്കുന്നതിനാൽ റമസാനിൽ വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതിയെന്നും കൂട്ടം കൂടരുതെന്നും മുസ്‌ലിം പണ്ഡിത സഭ അറിയിച്ചു. സെക്രട്ടേറിയറ്റ് ജനറൽ ഓഫ് ദ് കൗൺസിൽ ഓഫ് സീനിയർ സ്കോളർസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി. നോമ്പുതുറക്കുമ്പോഴും ഇടയത്താഴത്തിനും (സുബ്ഹി ബാങ്കിനു മുൻപ് കഴിക്കുന്ന ഭക്ഷണം) കൂട്ടം കൂടരുതെന്നും ഓർമിപ്പിച്ചു. റമസാനിൽ വീടുകളിൽ നമസ്കരിച്ചാൽ മതിയെന്ന് യുഎഇ മതകാര്യ വകുപ്പും നേരത്തെ അറിയിച്ചിരുന്നു.