മസ്കറ്റ് : ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്കൊപ്പം കൈകോർത്ത് ഒമാൻ പൗരത്വമുള്ള മലയാളിയും. അൽ അദ്റക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറായ കമാൻഡർ ഡോ. തോമസ് അലക്സാണ്ടറാണ് അൽ അമിറാത്തിൽ നിർമാണം പൂർത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്. ആശുപത്രി ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴായിരുന്നു കോവിഡ് ഒമാനിൽ പിടിമുറുക്കിയത്
ഇതോടെ, ഉദ്ഘാടനം നീട്ടുകയായിരുന്നു. എസൊലേഷനിലുള്ള രോഗികളെ പാർപ്പിക്കാനാണ് ആശുപത്രി വിട്ടുനൽകുന്നതെന്ന് ഡോ. തോമസ് അലക്സാണ്ടർ പറഞ്ഞു. ആഡ് ലൈഫ് എന്ന പേരിൽ ആറു നിലകളിലായി നിർമിച്ച ആശുപത്രിയിൽ 68 കിടക്കകളാണ് ഉള്ളത്. ഉപകരണങ്ങളെല്ലാം പൂർണമായി സജ്ജീകരിച്ച് കഴിഞ്ഞു. സമാനതകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാൻ കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് ഒമാൻ. ഈ ശ്രമങ്ങൾക്കുള്ള ഐക്യദാർഢ്യമായാണ് ആശുപത്രി വിട്ടുനൽകുന്നതെന്ന് കമാൻഡർ ഡോ. തോമസ് അലക്സാണ്ടർ പറഞ്ഞു. വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ ഇദ്ദേഹത്തിന് അടുത്തിടെ ഒമാൻ പൗരത്വം നൽകിയിരുന്നു. ജീവകാരുണ്യ മേഖലയിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. തോമസ് അലക്സാണ്ടർ ഒമാനിലും ഇന്ത്യയിലും ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഗാലയിൽ യാക്കോബായ വിശ്വാസികൾക്കായി ദേവാലയവും ഇദ്ദേഹം നിർമിച്ചുനൽകിയിരുന്നു.