മനാമ: കോവിഡ്ന്റെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ മന്ത്രിമാർക്ക് നിർദേശം നൽകി. വിവിധ മേഖലകളിലുണ്ടാകുന്ന ആഘാതത്തിന്റെ തോത് കുറക്കുകയാണ് ലക്ഷ്യം. ആംബുലൻസുകൾ, അടിയന്തര സേവനങ്ങൾ എന്നിവ ഉൾപ്പെടെ ആരോഗ്യമേഖലയിൽ നേരിടേണ്ടിവന്നേക്കാവുന്ന സാഹചര്യങ്ങൾക്കാണ് മുഖ്യപരിഗണന.റിഫ പാലസിൽ ഉപപ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.രോഗമുക്തി നേടുന്നവരുടെ നിരക്കിലും സാമൂഹിക വ്യാപനം തടയുന്നതിലും മുൻനിര രാജ്യങ്ങൾക്കൊപ്പമാണ് ബഹ്റൈൻ. ഇപ്പോഴത്തെ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് ആരോഗ്യ മേഖല ഉൾപ്പെടെ വിവിധ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. കൂടുതൽ ഫലപ്രദമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നേരിടുന്നതിൽ മാതൃകാപരമായ സേവനവുമായി മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബഹ്റൈൻ പൗരന്മാമാർ, പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർ എന്നിവർക്കും ദേഹം നന്ദി പറഞ്ഞു.സർക്കാറിന്റെ പിന്തുണയോടെ ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളും പൗരൻമാരുടെയും പ്രവാസികളുടെയും അവബോധവും കോവിഡിനെതിരായ പോരാട്ടത്തിൽ ബഹ്റൈനെ മുന്നിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു. .