കെ എം സി സി നേതൃത്വം ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് നോർബു നേഗിയുമായി കൂടിക്കാഴ്ച നടത്തി

മനാമ : കോവിഡ് കാലത്ത് ബഹ്‌റൈനിലെ പ്രവാസി സമൂഹം
അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ട്രഷറർ റസാഖ് മൂഴിക്കലും ഇന്ത്യൻഎംബസി ചാർജ് ഡി അഫയേഴ്സ് നോർബു നേഗിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങളായ ശമ്പളം ലഭിക്കാത്ത സാഹചര്യം , ഭക്ഷണത്തിനു ബുദ്ദിമുട്ടുന്ന വിഷയം , ലോൺ എടുത്തവരുടെ തിരിച്ചടവുമായി ബന്ധപ്പെട്ട്‌ കാലാവധി നീട്ടി നൽകാനുള്ള ഇടപെടൽ , കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് പ്രത്യേകമായി എംബസിയുടെ മേൽനോട്ടത്തിൽ കോറണ്ടയിൻ സംവിധാനം , കോവിഡ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് മാസ്ക്ക് , ഗ്ലൗസ് ഉൾപ്പടെ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത , വിമാന സർവ്വീസ് ആരംഭിക്കുന്ന മുറക്ക് പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ , രോഗികൾക്കുള്ള മരുന്നിന്റെ ലഭ്യത കുറവ്‌ , ശമ്പളം ലഭിക്കാത്തത് മൂലം ഉയർന്ന വിലയുടെ മരുന്ന് വാങ്ങാനുള്ള പ്രയാസം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ കുറിച്ചു അദ്ദേഹവുമായി സംസാരിച്ചു .കോവിഡ് പ്രവർത്തനങ്ങളിൽ കെഎംസിസി ചെയ്യുന്നതും ചെയ്തതുമായ പ്രവർത്തനങ്ങളെ അദ്ദേഹം ശ്രദ്ധാപൂർവ്വം കേൾക്കുകയും കെഎംസിസി യുടെ കാരുണ്യ പ്രവർത്തനങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.എല്ലാ കാര്യങ്ങളിലും അനുഭാവപൂർവ്വമായ സമീപനമായിരുന്നു അദ്ദേഹത്തിൽ നിന്നുമുണ്ടായത് . ഭക്ഷണത്തിനു ബുദ്ദിമുട്ടുന്നവരുടെ കാര്യത്തിൽ ഉടനെത്തന്നെ പരിഹാരം കാണുമെന്നും ഭക്ഷണത്തിന് ആവശ്യമുള്ളവർ സി പി ആർ നമ്പർ സഹിതം പേര് വിവരങ്ങൾ നൽകിയാൽ സന്നദ്ദ സംഘടനകൾ വഴി വിതരണം ചെയ്യുമെന്നും വിമാന യാത്ര ആരംഭിക്കുന്ന മുറക്ക് രോഗികൾ , പ്രായം ചെന്നവർ , ഗർഭിണികൾ , കുട്ടികളുള്ളവർ , ജോലി ഇല്ലാത്തവർ എന്നിങ്ങനെ മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ തയ്യാറാക്കാൻ അടുത്തു ദിവസം തന്നെ എംബസി രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . എംബസിയുടെ പരിധിക്കും പരിമിതികൾക്കും നിയമത്തിനുമിടക്ക് നിന്നുകൊണ്ട് ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്നും അറിയിച്ച ശ്രീ നേഗിക്ക് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായും ബഹ്‌റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു .