ദോഹ: കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കിക്കൊണ്ടുള്ള പ്രമേയം പുറത്തിറക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.കുടുംബങ്ങൾക്കായുള്ള പാർപ്പിട/താമസ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ താമസം പാടില്ല. ഇത്തരം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളിൽ ഒരിടത്ത് അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് നിയമവിരുദ്ധമാണ്. 2020ലെ 105ആം നമ്പർ മന്ത്രാലയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നത് നിരുത്സാഹപ്പെടുത്തിയും വിലക്കിയുമുള്ള 2010ലെ 15ആം നമ്പർ നിയമത്തിന്റെ പിൻബലത്തോടെയാണ് മന്ത്രാലയം പ്രമേയം പാസാക്കിയിരിക്കുന്നത്. നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുള്ള 2019ലെ 22ആം നമ്പർ നിയമത്തിന് കഴിഞ്ഞ വർഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു.നിയമലംഘകർക്ക് ആറ് മാസം വരെ തടവും 50000 മുതൽ 100000 വരെ റിയാൽ പിഴയും നിയമം അനുശാസിക്കുന്നു.