വിമാന സർവീസുകൾ മേയ് 17 ശേഷം

Air India Express file pic

ന്യൂഡൽഹി : ലോക്ഡൗണിനു ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചു വിമാനത്താവളങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി (എഎഐ). ലോക്ഡൗണിനു ശേഷം മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ചുകൊണ്ടുള്ള സർവീസുകൾക്ക് മേയ് പകുതിയോടെ തയാറാകാനാണ് നിർദേശം. രാജ്യത്തെ 100ലധികം വിമാനത്താവളങ്ങൾ എഎഐയുടെ കീഴിലാണ്. കേരളത്തിൽ തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളാണ് എഎഐയുടെ കീഴിൽ ഉള്ളത്. കൊച്ചി, കണ്ണൂർ എന്നിവ സ്വകാര്യ കമ്പനിയുടെ കീഴിലാണ്. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ ആദ്യഘട്ടത്തിൽ ഒരു ടെർമിനൽ മാത്രമേ ഉപയോഗിക്കാവൂ. നിരവധി ബാഗേജ് കണ്‍വെയല്‍ ബെല്‍റ്റുകള്‍ ഉണ്ടെങ്കിൽ‌, സാമൂഹിക അകലം പാലിക്കുന്നതിന് ഒന്നിടവിട്ടുള്ളത് ഉപയോഗിക്കണം. പ്രവർത്തനങ്ങൾ പൂർണ സജ്ജമാകുന്നതു വരെ പരിമിതമായ രീതിയിൽ ഭക്ഷണ പാനീയങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും യാത്രക്കാർക്ക് ലഭ്യമാക്കും. സംസ്ഥാന ഭരണകൂടത്തിന്റേയോ തദ്ദേശ സ്ഥാപനത്തിന്റേയോ അനുമതിയില്ലാതെ മദ്യ വിൽപന നടത്തരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. വിമാന സർവീസ് ഈ മാസം പകുതിയോടെ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികളും ആരംഭിച്ചു. 25–30% ആഭ്യന്തര സർവീസുകൾക്കുള്ള തയാറെടുപ്പുകൾ ആംഭിച്ചതായി പൈലറ്റുമാരടക്കമുള്ളവർക്കായി അയച്ച ഇ–മെയിൽ സന്ദേശത്തിൽ വ്യക്മാക്കി. എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചിട്ടില്ല. സ്വകാര്യ കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ എയർ എന്നിവ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ചു. സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.