കപ്പൽ പുറപ്പെട്ടു: ആദ്യം കൊണ്ടുവരുന്നത് യു.എ.ഇയിലെ തൊഴിലാളികളെ

ന്യൂഡൽഹി : വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും. ആദ്യം എത്തിക്കുക യു.എ.ഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും. ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളിലാണ് എത്തിക്കുക. മെയ് ഏഴിനാണ് ആദ്യ സംഘം പുറപ്പെടുന്നത്. ദുബായില്‍ നിന്ന് നാവിക സേനയുടെ യുദ്ധക്കപ്പല്‍ വഴിയായിരിക്കും ഇവരെ കൊണ്ടുവരുന്നത്.നിലവില്‍ ഒരു കപ്പല്‍ പുറപ്പെട്ടു കഴിഞ്ഞു. രണ്ട് കപ്പലുകള്‍ കൂടി അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലായിരിക്കും ആദ്യ സംഘത്തെ കൊണ്ടുവരിക. ഒരുകപ്പലില്‍ 1200 പേരെ വരെ കൊണ്ടുവരും എന്നാണ് അനൗദ്യോഗകിമായി അറിയിച്ചത്. 4 ദിവസമായിരിക്കും യാത്രക്ക് എടുക്കുന്നത്. കൊച്ചി, മംഗലപൂരം ബോംബെ എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും കപ്പല്‍ കൊണ്ടുവരാന്‍ സാധ്യത എന്നാണ് കണക്കാക്കുന്നത്.