പ്രവാസികളുടെ തിരിച്ചു പോക്ക് സുഗമമാക്കണം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ .

മനാമ: ലോകത്ത് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ബഹറൈനിൽ നിന്നും പിറന്ന നാട്ടിലേക്ക് തിരിച്ചു  പോവുന്നവരുടെ  പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിലെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് പ്രവാസികളുടെ യാത്ര ചെലവിനു ഉപയോഗിക്കണമായിരുന്നു.  ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഈ ഫണ്ടുകൾ പ്രവാസികൾക്കായി ഉപയോഗപ്പെടുത്തുക. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്‌തവർക്ക് നാട്ടിൽ പോകണമെങ്കിൽ പുതിയ ടിക്കറ്റ് എടുക്കണമെന്നത് തികച്ചും മനുഷ്യത്വരഹിതമായ തീരുമാനം ആണ്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ ടിക്കറ്റ് എടുത്തവർക്ക് അത് ഇപ്പോൾ റീ ഫണ്ട് ചെയ്യാനോ ഈ യാത്രക്ക് ഉപയോഗിക്കാനോ സാധിക്കുകയില്ല. നിലവിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ടു തിരിച്ചു പോവുന്നവർ ടിക്കറ്റിന്റെ കാശ് സംഘടിപ്പിക്കാൻ നെട്ടോട്ടമോടുകയാണ്.
 ഇത്  പ്രവാസികൾക്ക് തങ്ങാനാവുന്നതിലപ്പുറം  ആണ്.  ഇതുമായി ബന്ധപ്പെട്ടു ഉചിതമായ തീരുമാനം ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് ഫ്രന്റ്‌സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.  ഈ ആവശ്യം  ഉന്നയിച്ചു കേന്ദ്ര – കേരള സർക്കാരുകളുടെ അധികാരികൾക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ നിവേദനം അയച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങലും ജനറൽ സെക്രട്ടറി സുബൈർ എം.എമ്മും അറിയിച്ചു