പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകി ഇന്ത്യൻ ക്ലബ്ബും

ബഹ്‌റൈൻ : കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസികളെയും കൊണ്ട് ഇന്ത്യൻ ക്ലബ്ബ് ചാർട്ടർ ചെയ്ത വിമാനം ഇന്ന് പറന്നുയർന്നു, ഇന്ത്യൻ ക്ലബ്ബിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുന്ന ഒന്നുകൂടിയായി ഈ യാത്ര. ഇന്ന് രാവിലെ 9.30 ന് കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 172 യാത്രക്കാരുമായി കോഴിക്കെടേക്കുള്ള യാത്രാ വിമാനമാണ് ബഹ്റൈനിൽ നിന്നും പറന്നുയർന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അഞ്ചു വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കാണ് ഇന്ത്യൻ ക്ലബ്ബ് ഫ്ളൈറ്റുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്.പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കുവാൻ വേണ്ടി ഇന്ത്യൻ ക്ലബ്ബ് മുന്നിട്ടിറങ്ങുകയായിരുന്നു എന്ന് പ്രസിഡന്റ് സ്റ്റാലിൻ ജോസഫും സെക്രട്ടറി ജോബ് എം ജെയും പറഞ്ഞു. ഈ മാസം മൂന്നാം തിയ്യതി അജി ഭാസിയുടെയും , സാനി പോളിന്റെയും , അനീഷ് വർഗ്ഗീസിന്റെയും നേതൃത്വത്തിൽ ഒരു സബ്കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇന്ത്യൻ ക്ലബ്ബ് അസിസ്റ്റന്റ് ട്രഷറർ വിനോദ് തമ്പി, പ്രവർത്തനങ്ങൾ ഏകോപിക്കുകയും ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് മാർഷൽ ദാസൻ , ഇന്ത്യൻ ക്ലബ്ബ് ബാഡ്മിന്റൺ സെക്രട്ടറി സുനീഷ് കല്ലിങ്കൽ, ബ്ലസൻ ജോയ്, എന്നിവർ സഹായിക്കുകയും ചെയ്തു. പദ്ധതി പ്രവർത്തനം പ്രഖ്യാപിച്ച നിമിഷം മുതൽക്ക് തന്നെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ കോളുകളായിരുന്നു. ഏതെല്ലാം സംസ്ഥാനങ്ങളിലേക്ക് ഏതെല്ലാം വിമാനത്താവളങ്ങളിലേക്ക് ആയിരിക്കണം ഫ്ളൈറ്റുകൾ പ്ലാൻ ചെയ്യേണ്ടതെന്ന കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അതിനാൽ അനുമതി കിട്ടുന്നതിന്നനുസരിച്ച് കൂടുതൽ യാത്രക്കാർ ഉള്ള സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ സഹകരണം എടുത്തുപറയേണ്ടതാണെന്നു പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു. പറഞ്ഞിരുന്നതിനേക്കാൾ രണ്ടു ദിവസം മുൻപാണിപ്പോൾ കോഴിക്കെടേക്കുള്ള ആദ്യവിമാനം പറന്നുയർന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ഇൗ സംരംഭത്തിൽ ഇന്ത്യൻ ക്ലബിനൊപ്പം നിന്ന BKSF ‘നും ഗൾഫ് എയറിനും, മറ്റെല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ഗവര്മെന്റിന്റെയും എംബസ്സിയുടെയും എല്ലാ മാനദണ്ഡങ്ങളും മാനിച്ചു തന്നെയാണ് യാത്രക്കാരെ തിരഞ്ഞെടുത്തതും അന്തിമ ലിസ്റ്റ് തയ്യാറാക്കിയതും. ഇക്കാര്യത്തിൽ വലിയ നിഷ്കര്ഷയാണ് ഞങ്ങൾ പുലർത്തിയത്. ജോലി നഷ്ടപെട്ടവരുടെ കുടുംബാങ്കങ്ങൾ, ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ, വിസിറ്റ് വിസയിൽ വന്നു പ്രയാസത്തിലായവർ, ജോലി നഷ്ടപ്പെട്ടവർ, പഠനാർത്ഥം നാട്ടിലേക്ക് പോകുവാൻ കഴിയാതിരുന്നവർ തുടങ്ങിയ വിഭാഗത്തിൽ പെടുന്ന യാത്രക്കാരാണ് ആദ്യ ഫ്ളൈറ്റിൽ യാത്രയായത് .ഇന്ത്യൻ ക്ലബ്ബ് ചാർട്ടർ ചെയ്തിരിക്കുന്ന മറ്റു സ്ഥലങ്ങളിലേക്കുള്ള ഫ്ളൈറ്റുകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറപ്പെടുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിലേക്കുള്ള ഫ്ളൈറ് ഈ മാസം 19ന് തന്നെ പുറപ്പെടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പൊൾ നടത്തുന്നത്. ബാംഗ്ലൂർക്കുള്ള വിമാനവും ഹൈദ്രാബാദിലേക്കുള്ള രണ്ടു വിമാനങ്ങളും വരും ദിവസങ്ങളിൽ തന്നെ യാത്ര പുറപ്പെടാൻ തയ്യാറാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു .എല്ലാ യാത്രക്കാരുടെയും ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സമയാസമയങ്ങളിൽ അവർക്ക് വേണ്ട നിർദേശങ്ങളും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയും, അവർക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു .ഇന്ത്യൻ ക്ലബ് യാത്രക്കാർക്ക് നൽകിയ ഒരു പുതിയ അനുഭവം ആയിരുന്നു