ഫ്രന്റ്‌സ് അസോസിയേഷന്റെ ആദ്യ ചാർട്ടേർഡ് വിമാനം നാളെ പറന്നുയരും

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ചാർട്ടർ ചെയ്യുന്ന ആദ്യ വിമാനം നാളെ രാവിലെ(ബുധൻ ) 11:15 ന് ബഹ്‌റൈനിൽ നിന്നും  കൊച്ചിയിലേക്ക് പറന്നുയരും. പല വിധ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന പ്രവാസികൾക്ക് നാടണയാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ ചിലവിൽ യാത്ര ഒരുക്കുന്നത്. ചാർട്ടേർഡ് വിമാനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി കോർഡിനേറ്റർ എം. ബദ്‌റുദ്ദീൻ അറിയിച്ചു. ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിൻറെ വിമാനമാണ് യാത്രക്കായി തെരഞ്ഞടുത്തിട്ടുള്ളത്.   ജോലിയില്ലാതെ വിഷമിക്കുന്നവർ, വിസിറ്റ് വിസ അവസാനിച്ചശേഷം ഇവിടെ കുടുങ്ങിപോയവർ,  രോഗികൾ തുടങ്ങിയവർക്ക്  ആശ്വാസമാവുകയാണ് പ്രസ്‌തുത വിമാനം. കേന്ദ്ര, കേരള സർക്കാരുകളുടെ അനുമതിയോടെ ഏർപ്പെടുത്തിയ ഈ വിമാനം പറന്നുയരുന്നത് ഓരോ ബഹ്‌റൈൻ പ്രവാസിക്കും അഭിമാന നിമിഷം കൂടിയാണെന്ന് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം. എം. സുബൈർ എന്നിവർ അറിയിച്ചു. പ്രത്യേക വിമാനത്തിന് അനുമതി നൽകിയ ഇന്ത്യൻ എംബസി, കേന്ദ്ര, കേരള സർക്കാർ അതോറിറ്റികൾ, ബഹ്‌റൈൻ സർക്കാർ,  ഔദ്യോഗിക രേഖകൾ സംഘടിപ്പിക്കാൻ സഹകരിച്ച അൽ അമൽ ടൂർസ് ആൻഡ് ട്രാവൽസ്, ഗൾഫ് എയർ എന്നിവർക്കും  ആവശ്യമായ പിന്തുണയും സഹായവും നൽകി കൂടെ നിന്ന സാമൂഹിക പ്രവർത്തകർക്കും വെൽകെയർ ടീമിനും ഫ്രന്റ്‌സ് അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു.