സലാല സുന്നി സെന്റർ ചാർട്ടേഡ് വിമാനം ; തിങ്കളാഴ്ച

സലാല : നാട്ടിൽ പോകാൻ പ്രയാസപ്പെട്ട സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ് സലാല കേരള സുന്നി സെന്റർ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പിൻവലിഞ്ഞ വന്ദേ ഭാരത്‌ വിമാനങ്ങൾ സലാലയിൽ നിന്നും പുതിയ സർവീസിന് അനുമതി നൽകാത്ത സാഹചര്യത്തിൽ പ്രയാസത്തിലായ മലയാളി പ്രവാസികൾക്കാണ് സുന്നി സെന്റർ ചാർട്ടേഡ് വിമാനം ആശ്വാസമായിരിക്കുന്നത്. ആറാം തിയതി രാവിലെ 11.55 നാണ് സ്‌പൈസ് ജെറ്റ് വിമാനം സലാല എയർ പോർട്ടിൽ നിന്നും കോഴിക്കോടിന് യാത്രയാവുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ നിന്നും അത്യാവശ്യക്കാരായ 175 യാത്രക്കാരെയാണ് തെരഞ്ഞെടുത്തത്. കാരുണ്യ പ്രവർത്തനനത്തിൽ സലാലയിൽ പ്രശംസനീയ പ്രവർത്തനം കാഴ്ചവെക്കുന്ന സുന്നി സെന്റർ നിർധനരായ നിരവധി യാത്രക്കാർക്ക് സൗജന്യ യാത്രക്കും അവസരമൊരുക്കിയിട്ടുണ്ടെന്ന് സുന്നി സെന്റർ പ്രസിഡന്റ് അസീസ് ഹാജി മണിമല. ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സലാം ഹാജി എന്നിവർ പറഞ്ഞു.