മനാമ: ബഹ്റൈനില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് സാം സാമുവല്‍ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകന്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്റൈന്‍ ഷിഫ അല്‍ ജസീറ ഒരു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് സിഇഒ ഹബീബ് റഹ്മാന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു സാം നിര്‍വഹിച്ചിരുന്നത്. ഷിഫ അല്‍ ജസീറയുടെ നല്ല സുഹൃത്തായിരുന്നു എന്നും സാം. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലായിപ്പോഴും ഷിഫയുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താന്‍ സാം ശ്രമിച്ചു.
കൊറോണവൈറസ് പ്രതിസന്ധിക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും അനിശ്ചിതത്വത്തിലായവര്ക്കും ആശ്വാസത്തിന്റെ കൈത്തിരി നാളവുമായി സാം ഓടി നടന്നു. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്. അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും ഹബീബ് റഹ്മാന് പറഞ്ഞു.
തുക കുടുംബത്തിന് നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സാം സാമുവല്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ജൂലായ് 11നാണ് സാമിന് കോവിഡ് സ്ഥിരീകരിച്ചത്.