കോവിഡ്​ പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

മസ്​കത്ത്​: കോവിഡ്​ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച്​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം സ്വയം ​ഐസൊലേഷനിൽ പോവുകയാണ്​ വേണ്ടതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ജലദോഷമുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകണം . കോവിഡ്​ ലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ്​ കേസ്​ ആയി പരിഗണിക്കുകയും ഹെൽത്ത്​കെയർ സംവിധാനത്തിൽ പേര്​ ചേർക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക്​ മുകളിൽ പനി, ചുമ, ശ്വാസ തടസം എന്നിവയാണ്​ കോവിഡ്​ ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട വിധത്തിലുള്ള ഗുരുതര രോഗ സാഹചര്യങ്ങളില്ലെങ്കിൽ ഈ ലക്ഷണങ്ങളുള്ളവർ പരിശോധനകളില്ലാതെ തന്നെ പത്ത്ദി വസത്തെ നിരീക്ഷണം പൂർത്തീകരിക്കുകയാണ്​ വേണ്ടതെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കുംഈ നടപടിക്രമങ്ങൾ ബാധകമാണ്​. രോഗിയുടെ സാഹചര്യം മോശമാകുന്ന പക്ഷം ആരോഗ്യ സ്​ഥാപനത്തിൽ അഡ്​മിറ്റ്​ ആകാൻ നിർദേശിക്കും. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നിലവിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർക്കുമാണ്​ഈ നടപടികൾ ബാധകമല്ലാതിരിക്കുക. കോവിഡ്​ പോസിറ്റീവ് ആയാൽ നൽകാൻ പ്രത്യേക ചികിത്സയില്ല. ഗുരുരാവസ്​ഥയിലായാൽ  വൈദ്യ പരിചരണം നൽകാമെന്ന്​ മാത്രമാണ്​ ഉള്ളത്​. അതിനാൽ ഗൾഫ്​, യൂറോപ്യൻ രാഷ്​ട്രങ്ങൾ പിൻതുടരുന്ന ആരോഗ്യ നയമാണ്​ ഇതെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്​ഥൻ പറയുന്നു.