നടന് അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു.കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരുക്കനായിരുന്നു സിനിമയിലെ അനില്‍ മുരളി. സൗഹൃദങ്ങളില്‍ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാള്‍. സമീപനാളുകളില്‍ തമിഴ് സിനിമയാണ് അനില്‍ മുരളിക്ക് ശക്തമായ വേഷങ്ങള്‍ നല്‍കിയത്. അഭിനയിച്ചുതുടങ്ങിയത് സീരിയലുകളിലാണ്. അതും ചെറിയവേഷങ്ങളില്‍. നാടകക്കമ്പനി നടത്തിപ്പിനിടെ സിനിമയിലേക്ക് കാലൂന്നാന്‍ സംവിധായകന് വിനയന് തീരുമാനിച്ച സമയം. തിരുവന്തപുരത്തെ ഹോട്ടലില്‍ അവസരം ചോദിച്ചെത്തിയ ചെറുപ്പക്കാരനില്‍ വിനയന് തന്റെ വില്ലനെ കണ്ടെത്തി. കന്യാകുമാരിയില്‍ ഒരു കവിത അനില്‍ മുരളിയുടെ ആദ്യസിനിമയാകുന്നത് അങ്ങനെയാണ്. അനിലിലെ നടനെ വളര്‍ത്തുന്നതില്‍ അനില്‍ ബാബു ടീമും ജോഷിയുമൊക്കെ വലിയ പങ്കുവഹിച്ചു. അവരുടെ സിനിമകളില്‍ അനിലിന് ലഭിച്ചത് ശക്തമായ വേഷങ്ങളായിരുന്നു. സൂപ്പര്‍താരസിനിമകളില്‍ സ്ഥിരം സാന്നിധ്യമായ അനില്‍ മുരളിക്ക് പൊലീസ് കഥാപാത്രങ്ങളായി കൂടുതല്‍ മികവറിയിച്ചു. അതാണ് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. തമിഴില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തേടിവന്നു. നിമിര്‍ന്തുനില്‍, കനിതന്‍, കൊടി തുടങ്ങിയ സിനിമകള്‍. ഒടുവില്‍ സമുദ്രക്കനിക്കൊപ്പം വാള്‍ട്ടറിലാണ് തമിഴില്‍ അഭിനയിച്ചത്. സൗഹൃദങ്ങളായിരുന്നു അനിലിന്റെ കരുത്ത്. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ ജീവിതമെന്ന് ചിരിയോടെ പറഞ്ഞിരുന്നൊരാളാണ് ജീവിതത്തില്‍നിന്ന് പടിയിറങ്ങിയത്.