172 പ്രവാസികള്‍ നാടണഞ്ഞൂ ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

മനാമ :  ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിപ്പോയവര്‍ 9, വീട്ടിലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്ന 42 പേര്‍, ചികിത്സാര്‍ത്ഥം പോകുന്ന 20 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം 26 എന്നിങ്ങനെയാണ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍.
20 ശതമാനം പേര്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കൊടുത്തിരുന്നു. ഈ ദുരിത സമയത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകാന്‍ ഐ.സി.എഫിന് കഴിഞ്ഞു. ബഹ്‌റൈൻ എക്സ്പ്രസ്സ് & ടൂർ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ഫ്ലൈറ്റ് ചാര്‍ട്ടർ ചെയ്തിരുന്നത്. ജോലിയും ശമ്പളവുമില്ലാതെ റൂമുകളില്‍ കഴിയേണ്ടി വന്ന നിരവധി പേർക്ക് സമാശ്വാസമാകാന്‍ ഐ.സി.എഫിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയിട്ടുള്ളത്. ഐ.സി.എഫിന്റെ സ്‌നേഹ സമ്മാനമായി മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണക്കിറ്റുകളും നൽകി. വി. പി. കെ. അബൂബക്കർ ഹാജി, എം. സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, റഫീഖ് ലത്തീഫി, കെ. പി. മുസ്തഫ ഹാജി, ഇ. അബ്ദുറഹീം, ഷമീർ പന്നൂർ, അബ്ദുസ്സലാം പെരുവയൽ, ശംസുദ്ധീൻ മാമ്പ, അബ്ദുൽ അസീസ്‌ ഹാജി കൊടുമയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ യാത്രികർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.