ഇന്ത്യയുടെ വികസനത്തിന്‌ അടിത്തറ പാകിയത് കോൺഗ്രസ്‌ – രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി.

മനാമ :  ഇന്ത്യയിൽ ഇന്ന് കാണുന്ന വികസനങ്ങളുടെ എല്ലാം അടിത്തറ പാകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തികൾ ആയിരുന്നു എന്ന് കാസർഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു.  സ്വാതന്ത്രനന്തര ഭാരതം വളരെ പ്രതിസന്ധികൾ നേരിട്ടാണ് മുന്നോട്ട് പോയത്.  വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യം, വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ, ഭക്ഷണം,  വസ്ത്രം, ജോലി എന്ന് വേണ്ടാ എല്ലാ മേഖലകളിലും വ്യത്യസ്തത പുലർത്തിയ രാജ്യം. പട്ടിണിയും,  ദാരിദ്ര്യവും,  തൊഴിൽ ഇല്ലായ്മയും മൂലം  ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച രാജ്യം. അവിടെ നിന്ന് ഇന്ന് കാണുന്ന ഇന്ത്യയിലേക്ക് നമ്മുടെ രാജ്യത്തെ കൈപിടിച്ച് ഉയർത്തുവാൻ  പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വിന്റെ ദീർഘ വീക്ഷണങ്ങൾ ആണ്.രാജ്യത്തിന്‌ ശക്തമായ ഒരു ഭരണഘടന നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആയിരുന്നു.  രാജ്യത്ത്  വൈദ്യുതി ഉത്പാദിപ്പിക്കുകയും,  കൃഷിക്കാർക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുക എന്നീ ഉദ്ദേശങ്ങളോട് ഡാമുകൾ പണിയുക,  പഞ്ചവത്സര പദ്ധതികളിലൂടെ നാടിന്റെ നാളേക്ക് ഉള്ള സമഗ്ര വികസ നങ്ങൾക്ക് ശക്തി പകരുക, മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്കളും, ഐ ഐ ടി കൾ സ്ഥാപിക്കുക,ശാസ്ത്ര സാങ്കേതിക മേഖലയിൽ,  വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. അമേരിക്കയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷ്യ സാധനങ്ങൾക്ക് കാത്തിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദന രാജ്യമായി മാറ്റുവാൻ,  ഏറ്റവും കൂടുതൽ ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചു വയ്ക്കുന്ന രാജ്യമാക്കി മാറ്റുവാൻ നമുക്ക് സാധിച്ചു. ഏതൊക്കെ സാധിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റിന്റെ ദീർഘ വീക്ഷണം മൂലമാണ്. ജയ് ജവാൻ,  ജയ് കിസാൻ എന്ന മുദ്രാവാക്യത്തിലൂടെ ജനങ്ങളെ ഒന്നിച്ചു നിർത്തുവാൻ സാധിച്ചു. നെഹ്‌റു കുടുംബം എന്ന് കേട്ടാൽ പലർക്കും ഇപ്പോൾ ബുദ്ധിമുട്ട് തോന്നുന്നത് രാജ്യത്തെ പറ്റിയുള്ള അജ്ഞത മൂലമാണ്. ഇപ്പോൾ പലരും  അവകാശപ്പെടുന്നത് രണ്ടായിരത്തി പതിനാല് മുതൽ ആണ് രാജ്യത്ത് വികസനം ഉണ്ടായത് എന്ന്. രാജ്യത്തെ ആണവശക്തി ആക്കി മാറ്റുവാൻ, സൈനീക ശക്തിയിൽ പ്രമുഖസ്‌ഥാനം നേടുവാൻ,  ചന്ദ്രയാനും, ചൊവ്വ പര്യവേഷണവും നമുക്ക് പൂർത്തിയാക്കാൻ സാധിച്ചു. ഇപ്പോൾ ഭരിക്കുന്ന ആളുകൾ ഇന്ത്യയിലെ സാഹോദര്യം തകർക്കുവാൻ, ഭരണഘടന സ്ഥാപങ്ങളെ തകർക്കുവാൻ ആണ് ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടായി ഇത് പോലെയുള്ള ശക്തികൾക്ക് എതിരെ അണിനിരക്കണം എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം എന്നിവർ പ്രസംഗിച്ചു. ദേശീയ നേതാക്കൾ ആയ രവി കണ്ണൂർ,  ലത്തീഫ് ആയംചേരി,  മാത്യൂസ് വാളക്കുഴി,  രവി സോള, മനു മാത്യു, ജോയ് എം ഡി, ഷാജി തങ്കച്ചൻ, ഇബ്രാഹിം അദ്ഹം എന്നിവർ നേതൃത്വം നൽകി.