ഇന്ത്യന്‍ സ്കൂളിനെ അപകീർത്തിപ്പെടുത്തുവാൻ സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം : പി.പി.എ

ബഹ്‌റൈൻ :കൊറോണയുടെ ഭീതിദമായ ഈ കാലത്തും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന  ഇന്ത്യന്‍ സ്കൂളിനെ  അപകീർത്തിപ്പെടുത്തുവാൻ ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും  തിരിച്ചറിയണമെന്നു ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ് നടരാജൻ,  സെക്രട്ടറി സജി  ആൻറണി, പി.പി.എ രക്ഷാധികാരി  മുഹമ്മദ് ഹുസൈന്‍ മാലിം,  കൺവീനർ  വിപിൻ പി.എം  എന്നിവർ അഭ്യർത്ഥിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ തന്നെ  ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കുകയെന്ന വലിയ  ബാധ്യതയാണ്  ഏറ്റെടുത്തിരിക്കുന്നത്.  സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  ആയിരത്തിനോടടുത്ത  കുട്ടികള്‍ക്കാണ്  കഴിഞ്ഞ അധ്യയന വർഷം ഫീസിളവു   നൽകിയത്. കുട്ടികളുടെ പഠനസഹായം ആവശ്യപ്പെട്ടുള്ള 1500ലേറെ  അപേക്ഷകളാണ് ഇപ്പോൾ  സ്‌കൂളിൽ വന്നിട്ടുള്ളത്.  ഇതോടപ്പം അര്‍ഹതപ്പെട്ട പല കുട്ടികൾക്കും ഓൺലൈൻ ക്ലാസില്‍  പങ്കെടുക്കുന്നതിനുള്ള കംപ്യൂട്ടർ, ടാബ് എന്നിവ നല്‍കുന്നതടക്കം ആവശ്യമായ സഹായം സ്‌കൂൾ ചെയ്തുവരുന്നു.
നല്ലവരരായ ഒരുവിഭാഗം അധ്യാപകരും രക്ഷാകർത്താക്കളും  സന്നദ്ധ സേവന തൽപരരായ സംഘടനകളും, ഭരണസമിതിയുടെയും, അവരെ പിന്തുണക്കുന്നവരുടെയും സത്യസന്ധതയും ഉദ്ധേശശുദ്ധിയും മനസ്സിലാക്കി ഭരണസമിതിയോടപ്പം ചേർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് അവശ്യമായ സഹായം ചെയ്തുവരുന്നുണ്ട്. അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഈ അധ്യാപക-രക്ഷകർതൃ- സാമൂഹ്യ സഘടനാ സമൂഹം നിർവഹിക്കുന്നത്.
സ്‌കൂൾ സ്റ്റാഫിന്റെ ഇൻഡെമിനിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനായി ആരംഭകാലം മുതൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന റിസർവ് ഫണ്ട്, റിഫ കാമ്പസിന്റെ നിർമാണത്തിന് ലോൺ എടുക്കാനെന്ന പേരിൽ  നിർമാണഘട്ടത്തിൽ  ഭരിച്ച ഭരണസമിതി ബാങ്കിൽ ജാമ്യ സംഖ്യയായി കെട്ടിവച്ചതിന്റെ ഫലമായി വലിയ സാമ്പത്തിക പ്രയാസമാണ് സ്‌കൂൾ നേരിടുന്നത്. അതുകൊണ്ടുതന്നെ അധ്യാപകർക്ക് ഇൻഡെമിനിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനു സ്കൂള്‍ ഫെയറിൽ നിന്നും കുട്ടികളുടെ ഫീസിൽനിന്നും ഒരു വിഹിതം നീക്കിവെക്കേണ്ടതായിവരുന്നു.
ജി.സി.സി യിൽ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മുൻകാല ഭരണസമിതികൾ വരുത്തിവച്ച ബാങ്ക്‌ലോൺ അടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകളുമായാണ് മുന്നോട്ടുപോകുന്നത്. അഭ്യുദയകാംഷികളായ സുമനസുകളില്‍ നിന്നു ലഭിക്കുന്ന സഹായത്തോടൊപ്പം ഫീസ് ഇനത്തിൽ പിരിക്കുന്ന തുകയിൽ നിന്നും  സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനും, സാമ്പത്തിക പരാധീനത ഉള്ളവരെ സഹായിക്കുന്നതിനായി കുറച്ച്  പണമെങ്കിലും  കണ്ടെത്തണം എന്ന നിലപാടാണ് പി.പി.എ യുടെ  നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഉള്ളത്.
എന്നാൽ ഈ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സ്‌കൂളിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീർത്തിപ്പെടുത്തുവാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന്  വളരെ ഖേദത്തോടെ പറയട്ടെ.  ഇത്തരക്കാരുടെ ലക്‌ഷ്യം ഒരിക്കലും സ്കൂളിന്റെ നന്മയല്ല. സ്‌കൂളിനെതിരെ ചിലർ പ്രചരിപ്പിക്കുന്ന ആരോപണം അഡ്മിഷൻ ഫീസായി വാങ്ങുന്ന തുകയിലെ എ.സി, ബിൽഡിംഗ് മെയ്ന്റനൻസ് ഫീസ്, ലൈബ്രറി ഫീസ്, ഫങ്ക്ഷൻ ഫീസ് അടക്കമുള്ളവ എല്ലാമാസവും വാങ്ങുന്നു എന്നാണ്. ഇതെല്ലാം വർഷത്തിൽ ഒറ്റത്തവണ വാങ്ങുന്നതാണ് എന്നത് ഫീസിന്റെ ഡീറ്റൈൽ നോക്കിയാൽ തന്നെ മനസിലാകും. ഇതെല്ലം തന്നെ സ്‌കൂളിന്റെ വാർഷിക  അറ്റകുറ്റപ്പണികൾക്കും, ലൈബ്രറി അടക്കമുള്ളവയുടെ വിദ്യാഭ്യാസ സംബന്ധമായ വികസനത്തിനും  വേണ്ടി മാറ്റിവക്കുന്നതാണ്. ഈ വര്ഷം കുട്ടികൾക്ക് പാഠപുസ്തകം അതിൻറെ വില മാത്രം സ്വീകരിച്ച് സൗജന്യമായി വീട്ടിൽ എത്തിക്കുക കൂടി ചെയ്തിരുന്നു.
സ്കൂളിലെ ചില അധ്യാപികമാരുടെ  ഭർത്താക്കന്മാരിൽ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സ്‌കൂളിനെതിരെ ദുർപ്രചരണം നടത്തുന്നതിന് നേതൃത്വം നൽകുന്നത് ഖേദകരമാണ്.  പി.പി.എയുടെ  നേതൃത്വത്തിലുള്ള കമ്മറ്റി വന്നതിന് ശേഷം കഴിഞ്ഞ അഞ്ചര വർഷത്തിനുള്ളിൽ  ജനറൽ ബോഡിയുടെ നിർദേശപ്രകാരം സർക്കാർ അംഗീകരത്തോടെ ഒരു തവണ മാത്രമാണ് വളരെ നാമമാത്രമായി ഫീസ് വർദ്ധിപ്പിച്ചത്. അതും രക്ഷിതാക്കൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കുവാൻ രണ്ട് തവണയായിയാണ് നടപ്പാക്കിയത്. സ്‌കൂളിലെ പ്രതിപക്ഷം എന്നപേരിൽ, വിലകുറഞ്ഞ രാഷ്ട്രീയ ലക്‌ഷ്യം വെച്ചു സ്‌കൂൾ നൽകുന്ന എല്ലാ ആനുകൂല്യവും കൈപ്പറ്റിയശേഷം സ്‌കൂളിനെയും ഭരണസമിതിയെയും അവഹേളിക്കുക മാത്രമല്ല ഫീസ് കൊടുക്കരുത് എന്നുവരെ ഇവര്‍ ആഹ്വാനം ചെയുന്നു. ഇവരോട് പറയുവാനുള്ളത് ഈ കൊറോണകാലത്തുപോലും കൃത്യമായി ശമ്പളം കൈപ്പറ്റുന്ന നിങ്ങളുടെ ടീച്ചർമാരായ ഭാര്യമാരോട് ശമ്പളം വേണ്ട എന്ന് പറയുവാനുള്ള ആർജവം കാണിക്കണം എന്നാണ്. അങ്ങനെ അവർ ശമ്പളം വേണ്ടെന്നു വക്കുകയാണെങ്കിൽ അതുകൂടി സഹായ പ്രവർത്തനത്തിന് ഉപയോഗിക്കാം.
ഇന്ത്യൻ സ്‌കൂളിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുർപ്രചാരണം നടത്തുന്ന സ്‌കൂളിന്റെ ഉപ്പും ചോറും തിന്നുന്നവരും, മുൻകാലത്ത് അത് ആവശ്യത്തിലധികം കട്ട് തിന്നവരോടും നിങ്ങളെ പോലെയാണ് മറ്റുള്ളവരുമെന്നു ധരിക്കരുത് എന്ന് മാത്രം പറയുന്നു.
സ്‌കൂളിൽ നിന്നും പട്ടാപകൽ വിലകൂടിയ സാധനങ്ങൾ ആരോകടത്തിക്കൊണ്ടു പോയി എന്നതരത്തിൽ മറ്റൊരുആരോപണം ഇത്തരക്കാർ ഉന്നയിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ആരെയും അപമാനിക്കുക ഈ ഭരണസമിതിയുടെ നിലപാടല്ല എന്നാൽ ഇതുപോലെ ദുർപ്രചാരണം നടത്തുമ്പോൾ സത്യസ്ഥിതി സമൂഹത്തെ ബോധ്യ പ്പെടുത്താതിരിക്കുവാനും നിവൃത്തിയില്ല. കഴിഞ്ഞ അധ്യയന വർഷം സ്‌കൂളിലെ ചില ക്ലാസ് മുറികളിൽ എയർ കണ്ടീഷണർ ഒരു അവധി ദിവസം മാറ്റി വക്കേണ്ടതായി വന്നു. അങ്ങനെ മാറ്റിവച്ചപ്പോൾ പഴയത് സ്‌കൂൾ സ്റ്റോറിൽ വെക്കുന്നതിനു പകരം  സ്കൂളിന്റെ മുൻ ചെയർമാന്റെ കാലത്ത് നിയമിച്ചിരുന്ന അദ്ധേഹത്തിൻറെ അടുത്ത ബന്ധുവായ ഒരു മെയ്ന്റനൻസ് സ്റ്റാഫ് അത് കടത്തികൊണ്ട് പോയി. പി പി.എയുടെ ഭരണസമിതി വന്നതിന് ശേഷം ഏർപ്പെടുത്തിയ ശക്തമായ സെക്യൂരിറ്റി സംവിധാനത്തിന്റെ ഫലമായി  പ്രസ്തുത സംഭവം പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട് ആ വ്യക്തിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നതിൽ ഉത്തരവാദിത്തരാഹിത്യം കാണിച്ച മെയിന്റനൻസ് സൂപ്പർവൈസർക്കും എതിരായി നിയമപരമായ നടപടിസ്വീകരിക്കുകയും സ്‌കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത്തരത്തിൽ മാതൃകാപരമായ സമീപനമാണ് സ്‌കൂൾ ഭരണസമിതി സ്വീകരിച്ചുവരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ തെളിവ് സഹിതം വ്യക്തമാക്കുവാൻ ആരോപണം ഉന്നയിച്ചവർ തയ്യാറാവണം. അല്ലെങ്കിൽ നിയമപരമായ നടപടിക്ക്‌ വിധേയമാകേണ്ടതായിവരും. അതിന് ഭരണസമിതി യാതൊരുതരത്തിലും ഉത്തരവാദികൾ ആയിരിക്കുകയില്ല്ലെന്ന് കൂടി  സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
വലിയ സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്ന, സമൂഹത്തിലെ പാവപെട്ടവരായ ആയിരകണക്കിന് കുട്ടികള്‍  പഠിക്കുന്ന സ്‌കൂളിന്റെ പി.പി.എയുടെ    നേതൃത്വത്തിലുള്ള കമ്മറ്റി വന്നതിനു  ശേഷമുള്ള കഴിഞ്ഞ  അഞ്ചര  വർഷക്കാലത്തെ   പ്രവർത്തനം പരിശോധിച്ചാൽ സിബിഎസ്‌സി ക്ക് കീഴിൽ  അക്കാദമിക്ക്-അക്കാദമിക്കേതര പ്രവർത്തനങ്ങളിൽ ഏറ്റവും  ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാഭ്യസ സ്ഥാപനമായി ഇന്ത്യന്‍ സ്കൂള്‍ മാറിയതായി കാണാം. ഈ കൊറോണയുടെ ഭീതിതമായ കാലത്ത് പോലും വന്ന പത്തും പന്ത്രണ്ടും ക്ലാസുകളിലെ  റിസൾട്ടും,  കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തു സ്‌കൂൾ  നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളും മികവിന്റെ ഉദാഹരണങ്ങളാണെന്ന് പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സ് ഭാരവാഹികള്‍ പറഞ്ഞു.