ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനുള്ള ശ്രമം വിലപ്പോവില്ല – രാജു കല്ലുംപുറം.

DCIM101MEDIADJI_0407.JPG

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനും, പൊതു സമൂഹത്തിൽ സമാജത്തിന്റെ പേര് മോശമാക്കുവാനും ചില തല്പര കക്ഷികൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലപ്പോവില്ല എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ലോക കേരളസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അഭിമാനർഹമായ പ്രവർത്തങ്ങൾ ആണ് കാഴ്ചവയ്ക്കുന്നത്.
കോവിഡ് 19 മൂലം ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന സമയത്ത്, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് വേണ്ടി ചെറു വിരൽ പോലും അനക്കാതെ നിന്നപ്പോൾ ബഹ്റൈനിലെ ഇന്ത്യൻ സമൂഹവും, പ്രത്യേകിച്ചു മലയാളികൾ തങ്ങളുടെ ആശ്രയകേന്ദ്രമായി ബഹ്‌റൈൻ കേരളീയ സമാജത്തിനെ കണ്ടു. കോവിഡ് 19 ന്റെ വ്യാപനം ആരംഭിച്ച ഉടനെ മാർച്ചുമാസം അവസാനം എങ്ങനെ നേരിടണം എന്ന് ചർച്ച നടത്തുകയും, ഏപ്രിൽ മാസം ആദ്യം മുതൽ തന്നെ ബഹ്‌റൈനിലെ മലയാളികളായ സാമൂഹ്യ – സാംസ്‌കാരിക സംഘടനകളെയും, പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി സമാജത്തിന്റെ മേൽനോട്ടത്തിൽ, സമാജം കേന്ദ്രീകരിച്ചു വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും, ജോലി നഷ്ടപ്പെട്ട ആളുകളെ കണ്ടുപിടിച്ചു അവർക്ക് മരുന്നുകളും, ഭക്ഷ്യധന്യ കിറ്റുകൾ വിതരണം ചെയ്യാനുമുള്ള നടപടികൾ സ്വീകരിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ബഹ്‌റൈനിലെ പൊതു സമൂഹമാണ് കൈ അയച്ചു സഹായിച്ചത്. കഴിഞ്ഞ റമദാൻ നോമ്പ് കാലത്ത് ബഹ്‌റൈനിലുള്ള നോമ്പ് നോക്കുന്ന ഒരു വിശ്വാസി പോലും നോമ്പ് തുറക്കുവാനുള്ള ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടരുത് എന്ന് കരുതി ബഹ്‌റൈൻ ഗവണ്മെന്റിന്റെ സഹായത്തോടെ ഭക്ഷ്യ കിറ്റുകൾ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനും സാധിച്ചത് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്.
ജോലി നഷ്ടപെട്ടവർ, വിസിറ്റിംഗ് വിസയിൽ വന്ന് മരുന്നും മറ്റും തീർന്ന് ഇവിടെ കുടുങ്ങി പോയവർ, ഉപരിപഠനത്തിന് നാട്ടിലേക്കു പോകേണ്ട വിദ്യാർത്ഥികൾ, പ്രസവത്തിനും, മറ്റ് അടിയന്തിര ചിക്കത്സക്കും നാട്ടിലേക്ക് പോകേണ്ടവർ തുടങ്ങി അനേകം ആളുകൾ ഇവിടെ കുടുങ്ങി കിടന്നപ്പോൾ അവരെ നാട്ടിൽ എത്തിക്കുവാൻ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ എന്ന ആവശ്യവുമായി ബഹ്‌റൈൻ സർക്കാരിന്റെയും , കേന്ദ്ര – കേരള സർക്കാരിന്റെയും മുന്നിൽ ആദ്യം എത്തിയ സംഘടനയാണ് ബഹ്‌റൈൻ കേരളീയ സമാജം. നിരന്തരം സർക്കാരുകളോട് ബന്ധപ്പെട്ടതിന്റെ ഫലമായാണ് ഇവിടെ നിന്ന് നാട്ടിലേക്ക് അനേകം ആളുകളെ എത്തിക്കുവാൻ സാധിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകൾക്ക് ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അവസരം ലഭിച്ചത്. ഈ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ നിരവധി ആളുകൾക്ക് സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പൂർണ്ണമായും, ഭാഗീകമായും ഉള്ള സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു. ഈ പദ്ധതിയിലേക്ക് ബഹ്‌റൈനിലെ അനേകം വ്യവസായ പ്രമുഖർ, മറ്റ് ആളുകൾ ടിക്കറ്റുകൾ സംഭാവന ചെയ്തത് കേരളീയ സമാജത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ്. നാട്ടിൽ കുടുങ്ങി കിടക്കുന്ന ആളുകളെ തിരികെ എത്തിക്കുന്നതിന് ആദ്യം നടപടികൾ സ്വീകരിക്കുകയും വിവിധ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തിയത് കേരളീയ സമാജം ആണ്. നാട്ടിൽ നിന്ന് വിസ കാലാവധി തീരാൻ പോകുന്ന ആളുകളെയും, അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ട ആളുകളെ കണ്ടെത്തുന്നതിനും അവരെ തിരികെ ബഹ്‌റൈനിൽ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യെണ്ട സർക്കാരുകൾ മൗനം പാലിക്കുന്നത് കൊണ്ടാണ് എയർ ബബിൾ കരാറിൽ ആവശ്യമായ സീറ്റുകൾ ലഭിക്കാതെ പോയത്. ഇൻഡ്യാ ഗവണ്മെന്റിന് വേണ്ടി ബഹ്‌റൈൻ സർക്കാരുമായി ചർച്ചകൾ നടത്തിയ ആളുകൾ യഥാർത്ഥത്തിൽ വരേണ്ട ആളുകളുടെ കണക്ക് ബോധിപ്പിച്ചു അനുവാദം വാങ്ങിയിരുന്നു എങ്കിൽ അനേകം ആളുകൾക്ക് തിരികെ വരുവാൻ സാധിച്ചേനെ.
ബഹ്റൈനിൽ കഴിഞ്ഞ അനേകം വർഷക്കാലം പൊതു പ്രവത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന, കോവിഡ് 19 മൂലം മരണപ്പെട്ട സാം സാമുവേൽ എന്ന പൊതു പ്രവർത്തകന്റെ കുടുംബത്തെ സഹായിക്കുവാൻ പതിനാറു ലക്ഷത്തോളം രൂപ ബഹ്‌റൈൻ കേരളീയ സമാജം നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. കൂടാതെ കോവിഡ് മൂലം മരണപ്പെട്ട ബഹ്‌റൈനിലെ മലയാളികളായ പതിനൊന്ന് പേരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ നൽകി. നാട് ഭരിക്കുന്ന സർക്കാരുകൾക്ക് ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ ആണ് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ ചെയ്യുന്നത് കാണുമ്പോൾ ശരീരം മുഴുവൻ കരികൊണ്ട് മൂടി നിൽക്കുന്ന ചില ആളുകൾ സമാജത്തിന്റെ മുഖത്ത് കരി വാരിതേക്കാൻ നടത്തുന്ന ശ്രമങ്ങളെ പ്രവാസി സമൂഹം തികഞ്ഞ അവജ്ഞയോട് തള്ളിക്കളയും.
കഴിഞ്ഞ കാലങ്ങളിൽ പ്രവാസികളായ ഇന്ത്യക്കാരെ സഹായിക്കുവാൻ മുന്നിൽ ഉണ്ടായിരുന്ന, നാളെകളിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രതീക്ഷയായ ബഹ്‌റൈൻ കേരളീയ സമാജത്തെ പൊതു സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്ന ആളുകളുടെ ഉദ്ദേശം പൊതുജനം തിരിച്ചറിയുമെന്നും രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു.