മനാമ: മലപ്പുറം മഞ്ചേരിയിൽ പ്രസവ വേദന കൊണ്ട് പിടഞ്ഞ പൂർണ ഗർഭിണിയായ സ്ത്രീക്ക് മെഡിക്കൽ കോളേജുകളും സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതിനൊടുവിൽ നഷ്ട്ടമായത് ഇരട്ട കുട്ടികളെയാണ്. ശരീഫ് – സഹ്ല ദമ്പതികള്ക്കാണ് തങ്ങൾക്കു ജനിക്കാൻ പോവുകയായിരുന്ന കുഞ്ഞുങ്ങളെ ആശുപത്രികളുടെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ മൂലം നഷ്ടമായത്.
സഹ്ല മുന്നേ കോവിഡ് ബാധിതയായിരുന്നെങ്കിലും ഈ മാസം 15 നു കോവിഡ് നെഗറ്റീവ് ആയിരുന്നു. പുലർച്ചെ ഏകദേശം 4 മണിയായപ്പോഴാണ് സഹ്ലയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രസവ വേദനയെ തുടർന്ന് എത്തിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവ് ആയവർക്കെ ചികിത്സ നൽകുകയുള്ളൂ എന്ന് പറഞ്ഞും രാവിലെ 11 മണിക്ക് അവിടെ നിന്ന് കോഴിക്കോടേക്ക് റഫർ ചെയ്തത്. അവിടെ എത്തിയെങ്കിലും ഒപി സമയം കഴിഞ്ഞു എന്ന് പറഞ്ഞു ചികിത്സ കിട്ടാത്തത് കൊണ്ട് മറ്റുള്ള സ്വകാര്യ ആശുപത്രികളിലും ബന്ധപ്പെട്ടെങ്കിലും മുന്നേ കൊറോണ വന്നിരുന്നതിനാൽ അവരും ചികിത്സ നൽകിയില്ല . അപ്പോഴേക്കും സഹ്ലയുടെ കന്നി പ്രസവത്തിൽ ജനിക്കേണ്ടിയിരുന്ന ഇരട്ട കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. വളരെ വൈകിയിട്ടു കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സിസേറിയനിൽ അമിത രക്ത സ്രാവമുണ്ടായതിനാൽ സഹ്ല തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
ആരോഗ്യ രംഗത്തു ഒന്നാം സ്ഥാനത്താണ് എന്ന് പറയുന്ന കേരളത്തിൽ പൂർണ ഗര്ഭിണിയ്ക്കു 14 മണിക്കൂറിലധികം ചികിത്സ നിഷേധിച്ച സംഭവത്തിൽ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി നടുക്കവും പ്രതിഷേധവും അറിയിച്ചു. ഇത് യുപിയല്ല കേരളമല്ലേയെന്നും കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയും പിടിപ്പു കെടും ആണ് 2 പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിൽ കലാശിച്ചതെന്നും ആരോപിച്ചു. നിരുത്തരവാദമായി ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെയും ചികിത്സ നൽകാത്ത ഡോക്ടർ മാർക്കെതിരെയും നടപടിയെടുക്കണമെന്നും കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.