മനാമ :ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നത് എന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം. പി അഭിപ്രായപ്പെട്ടു. അഹിംസയിലും, സത്യത്തിലും അടിയുറച്ചു നിന്ന് കൊണ്ട് നടത്തിയ സഹന സമരത്തിലൂടെയാണ് മഹാത്മാഗാന്ധി എല്ലാ വിജയങ്ങളും നേടിയെടുത്തത്. പാവപ്പെട്ടവർക്ക് വേണ്ടി, കൃഷിക്കാർക്ക് വേണ്ടി, ഹരിജനങ്ങൾക്ക് വേണ്ടി, ന്യുനപക്ഷങ്ങൾക്ക് ഒക്കെ വേണ്ടി ആയിരുന്നു മഹാത്മജി സമരം നടത്തിയത്. നൂറ്റാണ്ടുകളായി അവശത അനുഭവിച്ചു പോന്ന ആളുകളെ ദൈവത്തിന്റെ സ്വന്തം ജനം എന്ന നിലയിൽ ഹരിജനങ്ങൾ എന്ന് വിളിച്ചത് മഹാത്മാ ഗാന്ധി ആയിരുന്നു. ഇന്ന് രാജ്യത്ത്, പ്രത്യേകിച്ച് സംഘപരിവാർ സംഘടനകൾ ഭരിക്കുന്ന ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ദളിത് വിഭാഗക്കാർ അനുഭവിക്കുന്ന കഷ്ടതകൾ എല്ലാവർക്കും അറിയാം. കഴിഞ്ഞ ദിവസമാണ് ഹത്രാസിൽ ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടി ക്രൂരമായി ബലാത്സഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടത്. ഇതിനെതിരെ പ്രതികരിക്കുവാനും, ആ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാനും വേണ്ടി അവിടെ എത്താൻ ശ്രമിച്ച രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും തടയുകയും, ആക്രമിക്കുകയും ചെയ്തത് പോലീസ് വേഷധാരികളായ ആർ എസ് എസ് കാരാണ്. അവരാണ് രാജ്യത്ത് ദളിത് കളെ, ആദിവാസികളെ, ന്യുനപക്ഷങ്ങളെ ഇല്ലായ്‌മ ചെയ്യുവാൻ ശ്രമിക്കുന്നത്.
നിയമ നിർമ്മാണ സഭകളെ നോക്ക് കുത്തികളാക്കി നിർത്തി നിയമങ്ങൾ പാസ്സാക്കി എടുക്കുന്നു. കർഷക വിരുദ്ധ ബില്ലുകൾ, തൊഴിലാളി വിരുദ്ധ ബില്ലുകൾ ചർച്ച നടത്താതെ പാസ്സാക്കുന്നു.ന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ ഒക്കെ തങ്ങളുടെ അജണ്ടയുടെ ഭാഗമായി പാസ്സാക്കുന്നു.
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുപ്പത്തിരണ്ട് കോടി ജനങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർക്ക് ആവശ്യമുള്ള ഭക്ഷണമൊ, കുടിവെള്ളമോ, റോഡുകളോ,ആരോഗ്യ പരിപാലന കേന്ദ്രങ്ങളോ, തൊഴിൽശാലകളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും രാജ്യത്ത് ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ അറുപതു വർഷത്തെ ഭരണത്തിലൂടെ, നൂറ്റിനല്പത് കോടി ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ
നേടി തന്നതാണെന്ന കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്.
മഹാത്മജിയുടെ നൂറ്റിഅമ്പത്തി ഒന്നാമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ നമ്മൾ പ്രതിജ്ഞ എടുത്ത് വേണം മുന്നോട്ട് പോകുവാൻ. രാജ്യത്ത് മതേതര ഗവണ്മെന്റ് അധികാരത്തിൽ എത്തുന്നത് വരെ, രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കുന്ന, അംഗീകരിക്കുന്ന,ഗവണ്മെന്റ് അധികാരത്തിൽ വരുന്നത് വരെ, സംഘപരിവാർ സംഘടനകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് ശേഷം മാത്രമേ വിശ്രമിക്കുകയുള്ളു എന്ന് പ്രതിജ്ഞ എടുത്ത് മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും, ബോബി പാറയിൽ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, രവി സോള, മനു മാത്യു, ജോയ് എം ഡി, ഷാജി തങ്കച്ചൻ, ഇബ്രാഹിം അദ്ഹം, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി ശങ്കരപിള്ള, എബ്രഹാം സാമുവേൽ, ജമാൽ കുറ്റികാട്ടിൽ, ജെസ്റ്റിൻ ജേക്കബ്, ഫിറോസ് അറഫ, സുധീപ് ജോസഫ്, സൽമാനുൽ ഫാരിസ്, ബിജേഷ് ബാലൻ, ദിലീപ്, ജലീൽ മുല്ലപ്പള്ളി, ബാനർജി ഗോപിനാഥൻ നായർ, ബ്രൈറ്റ് രാജൻ, വിത്സൻ, സാമുവേൽ മാത്യു, നെൽസൺ വർഗീസ്, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ പ്രസംഗിച്ചു.