ലോകരാജ്യങ്ങളെ തൊട്ടറിഞ്ഞ് വെര്‍ച്വല്‍ മാധ്യമത്തിൽ :   ഇ. അഹമ്മദ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് 

ഒമാൻ : മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗുബ്രയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 24, 25 തീയതികളില്‍ വെര്‍ച്വല്‍ മാധ്യമത്തിൽ
നടന്ന അഞ്ചാമത് ഐക്യരാഷ്ട്രസഭ മാതൃകാസമ്മേളനത്തില്‍ ലോകരാജ്യങ്ങളിലെ നാല്‍പത്തിയേഴു സ്കൂളുകളില്‍ നിന്നുള്ള 432 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
ജര്‍മ്മനി, സൗത്ത് ആഫ്രിക്ക, അമേരിക്ക, മൊറോക്കോ, ജോര്‍ദാന്‍, ഒമാന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ അറിയപ്പെടുന്ന സ്കൂളുകള്‍ മാതൃകാസമ്മേളനത്തില്‍ മാറ്റുരച്ചു.  ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പൂര്‍ത്തിയായ വേളയില്‍ സമ്മേളനം കൂടുതല്‍ ശ്രദ്ധേയമായി. മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്‍റേറിയനും യുണൈറ്റഡ് നേഷന്‍സില്‍ ഇന്ത്യയുടെ ശബ്ദവുമായ ഇ. അഹമ്മദിന്‍റെ സ്മരണാര്‍ത്ഥമാണു പരിപാടി നടന്നത്.കേരളത്തിലെ പ്രമുഖ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും സ്വകാര്യവിദ്യാലയങ്ങളില്‍ നിന്നുമായി നാല്‍പതില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. ജെ.ഡി.റ്റി. ഇക്ര ഇംഗ്ലീഷ് സ്കൂള്‍ കോഴിക്കോട്, ജെ.ഡി.റ്റി. ഇസ്ലാം ഹൈസ്കൂള്‍, ന്യൂഹോപ് സ്കൂള്‍, ഡി.ഐ.എസ്. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കണ്ണൂര്‍, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, സി.എസ്.എം. സെന്‍റ്രല്‍ സ്കൂള്‍ ഇടച്ചേരി തുടങ്ങിയ സ്കൂളുകള്‍ പങ്കുചേർന്നു. കൊല്‍ക്കൊത്ത, ഡെറാഡൂണ്‍, ബിഹാര്‍, നൈനിത്താള്‍, ഹൈദരാബാദ്, വാരാണസി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും യു.എന്‍. മാതൃകാസമ്മേളനത്തില്‍ പങ്കെടുത്തു.


ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  മാനവികതയെന്ന ഏകമാർഗമാണ് മനുഷ്യത്വം സൃഷ്ടിക്കുന്നതെന്നും  അതിനെ അടുത്തറിഞ്ഞാൽ  രാജ്യവികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ നയതന്ത്രവിദഗ്ദ്ധ ദീപ ഗോപാലന്‍ വാധ്വ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇ.എ.എം.യു.എന്‍.സി. ഡയറക്ടറും ഇ.അഹമ്മദിന്‍റെ പുത്രനുമായ അഹമ്മദ് റയീസ് ആദ്ധ്യക്ഷ്യം വഹിച്ചു. തുടർന്നു നടന്ന ചടങ്ങിൽ മുൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും ഡോ. പി. മുഹമ്മദലി വിശിഷ്ടാതിഥിയുമായിരുന്നു.  ആഗോള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ലോകനിലവാരത്തില്‍ നിരവധി ലോകരാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വെര്‍ച്വല്‍ സമ്മേളനം കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് വ്യത്യസ്തവും അപൂര്‍വവുമായ അനുഭവമായി. കുട്ടികള്‍ക്ക് അന്തര്‍ദ്ദേശീയവിഷയങ്ങള്‍ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കാന്‍ അനുഗുണമായ സാഹചര്യമാണ് ഇതുവഴിയുണ്ടായത്. ആഗോള വെല്ലുവിളികളെ മറികടക്കേണ്ടതിന്‍റെ ആവശ്യതയായിരുന്നു  സമ്മേളനത്തിലെ പ്രധാന വിഷയം.വിവിധ വിദ്യാലയങ്ങളില്‍ നിന്നും പങ്കാളികളായെത്തിയ പ്രതിനിധികള്‍ സൈനിക കരാറുകള്‍, ഭക്ഷ്യസുരക്ഷ, തൊഴില്‍ മേലയിലെ നിര്‍ബന്ധിത നിര്‍മ്മാര്‍ജ്ജനം, അവയവക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് തങ്ങളുടെ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉന്നയിച്ചു. ഇരുപത്തിയേഴില്‍ പരം സ്ഥാപനങ്ങളുള്ള കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാമാണ് കേരളത്തില്‍ എം.യു.എന്‍ പരിപാടികളുടെ ഏകീകരണം നിര്‍വഹിച്ചത്. കുട്ടികളില്‍ നേതൃത്വപരിശീലനം, പ്രഭാഷണപാടവം, ദിശാബോധം, സ്വതന്ത്രചിന്ത, ലോകനിലവാരത്തില്‍ വിലയിരുത്താനുള്ള കാര്യശേഷി എന്നിവ ആര്‍ജ്ജിക്കാനുള്ള വലിയ മാര്‍ഗ്ഗമാണു മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് വഴിസാധുവുമാകുന്നത്.