പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് അസോസിയേഷൻ അനുശോചിച്ചു

മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ  ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും  രേഖപ്പെടുത്തി. ആധുനിക ബഹ്റൈന്റെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനകൾ പരാജയപ്പെടുത്തുന്നതിലും ശരിയായ വഴിയിൽ മുന്നോട്ടു കൊണ്ട് പോകുന്നതിനും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും കഴിവുകളും സഹായകമായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിന്റേതായുണ്ട്. പ്രവാസ സമൂഹത്തെ പരിഗണിക്കുകയും വിവേചന രഹിതമായ നിലപാടുകളും നിയമങ്ങളും രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചതായി അസോസിയേഷൻ വിലയിരുത്തി. രാജ്യത്തിന്റെ നിർമാണ പ്രക്രിയയിൽ യുവ സമൂഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താനും വിഭാഗീയതക്കും വിവേചനത്തിനുമെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും വഴി സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്നത്തെ ബഹ്‌റൈൻ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. നീണ്ട കാലം മന്ത്രിസഭയെ നയിക്കുകയും സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട്. അറബ്, ഇസ്‌ലാമിക സമൂഹത്തിന്റെ വിഷയങ്ങളിൽ സക്രിയമായി ഇടപെടുകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായകമായി വർത്തിക്കാനും സാധിച്ചിട്ടുണ്ട്. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന്  സ്വർഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു .പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജന : സെക്രട്ടറി എം എം സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.