അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ വിയോഗം ജനാധിപത്യ മതേതര ശക്തികൾക്ക് തീരാ നഷ്ടം – ഒഐസിസി.

മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ വിയോഗം രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
കോൺഗ്രസ്‌ ട്രഷറർ ആയിരുന്ന അഹമ്മദ് പട്ടേൽ മൂന്ന് തവണ ലോകസഭ അംഗമായും, അഞ്ച് തവണ രാജ്യസഭാ അംഗമായും പ്രവർത്തിച്ച അഹമ്മദ് പട്ടേൽ ദീർഘ കാലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവി വഹിച്ചു. ഇന്ദിരാ ഗാന്ധിയോടും, രാജീവ്‌ ഗാന്ധിയോടും വളരെ അടുത്ത ബന്ധം പുലർത്തിയ നേതാവ് ആയിരുന്നു. ഒരിക്കലും കേന്ദ്ര, സംസ്ഥാന മന്ത്രി പദവി വഹിക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തി ആയിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തു വർഷം കേന്ദ്രത്തിൽ ഭരണം നടത്തിയ യൂ പി എ ഗവണ്മെന്റിന്റെ കാലത്ത് പാർട്ടിയുടെ നിർണ്ണായക അധികാര കേന്ദ്രമായി പ്രവർത്തിച്ച അഹമ്മദ് പട്ടേൽ ഘടകകക്ഷികളുമായി പാർട്ടിയുടെ ഏകോപനം നടത്തുവാനും, തീരുമാനങ്ങൾ അംഗീകരിപ്പിച്ചു കൊണ്ട് ഒറ്റകെട്ടായി എല്ലാവരെയും മുന്നോട്ട് കൊണ്ട്പോകുവാൻ അസാമാന്യ പാടവം കാണിച്ച നേതാവ് ആയിരുന്നു അഹമ്മദ് പട്ടേൽ.
വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന്റെ ഏറ്റവും തലമുതിർന്ന നേതാവ് ആയിരുന്നു തരുൺ ഗൊഗോയ്. 2001 മുതൽ 2016 വരെ നീണ്ട പതിനഞ്ച് വർഷക്കാലം ആസ്സാമിന്റെ മുഖ്യമന്ത്രി ആയിരുന്ന തരുൺ ഗൊഗോയ് ആറു തവണ എം പി ആയും നാല് തവണ എം എൽ എ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി വി നരസിംഹ റാവു മന്ത്രി സഭയിൽ കേന്ദ്ര മന്ത്രി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി കോൺഗ്രസ്‌ പ്രസിഡന്റ്‌ മാരുമായി അടുത്ത ബന്ധം പുലർത്തിയ നേതാവ് ആയിരുന്നു തരുൺ ഗൊഗോയ് എന്നും ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നീ നേതാക്കളുടെ വിയോഗം ദേശീയ തലത്തിൽ കോൺഗ്രസ്‌ പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അഭിപ്രായപ്പെട്ടു.