മനാമ : വിദേശ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷകണക്കിന് പ്രവാസികളുടെ ചിരകാല ആവശ്യമായ പ്രവാസി വോട്ടിന് അനുകൂലമായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഇ – പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താൻ പറ്റുന്ന രീതിയിൽ ഉള്ള ശുപാർശയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിദേശകാര്യ മന്ത്ര)ലത്തിന് സമർപ്പിച്ചിട്ടുള്ളത്. എൻ ആർ ഐ ക്കാർക്ക് അവർ താമസിക്കുന്ന രാജ്യത്ത് നിന്ന് ഇ -പോസ്റ്റൽ ബാലറ്റ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്താനാണ് സൗകര്യം ചെയ്യാൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നത്. നടപടികൾ പ്രാബല്യത്തിൽ വരുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാ ആളുകളുമായി കൂടിയലോചനകൾ നടത്തുവാൻ വിദേശകാര്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.
മുൻ കാലങ്ങളിൽ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഉള്ള പ്രവാസിക്ക്, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉണ്ടങ്കിൽ വോട്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ യൂ പി എ ഗവണ്മെന്റ് നിയമം പാസ്സാക്കിയിരുന്നു.തൊഴിൽ, വിദ്യാഭ്യാസം, യാത്രചെലവ് തുടങ്ങിയ കാരണങ്ങളാൽ നേരിട്ട് എത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല എന്ന പ്രവാസികളുടെ ശുപാർശയും, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് നാട്ടിലേക്ക് വരുവാൻ സാധിക്കാത്ത സാഹചര്യത്തിൽപ്രവാസികളുടെ ശക്തമായ സമ്മർദ്ദം ആണ് പുതിയ ശുപാർശകൾക്ക് അടിസ്ഥാനം.
ഏപ്രിൽ -മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസം, പുതുച്ചേരി തുടങ്ങിയ നിയമസഭ വോട്ടെടുപ്പിൽ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നത്.ഫോറം 12 വഴി റിട്ടേണിങ് ആഫിസർക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹം അറിയിച്ചശേഷം ഒരു എൻ ആർ ഐ ക്ക് ഒരു തപാൽ ബാലറ്റ് ഇലക്ട്രോണിക് ആയി നൽകാനാണ് കമ്മീഷന്റെ ശുപാർശ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ സർപ്പിക്കണം, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യംപെടുത്തിയ, കൃത്യമായ പൂരിപ്പിച്ച ബാലറ്റ് വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ട് മണിക്ക് മുൻപ് ഇന്ത്യയിലെ നിയോജകമണ്ഡലം വരണാധികാരിക്ക് കിട്ടുന്ന വിധം ആണ് ശുപാർശ.
പ്രവാസികളുടെ നിരവധി വർഷത്തെ ആവശ്യമായിരുന്നു വോട്ടവകാശം, ഇത് യാഥാർഥ്യം ആക്കുവാൻ മുൻകൈ എടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അറിയിച്ചു. പ്രവാസികളുടെ ആവശ്യങ്ങൾ അധികാരികൾ ശ്രദ്ധിക്കുവാൻ പുതിയ തീരുമാനത്തിന് സാധിക്കുമെന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.