സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് സംഘടിപ്പിച്ച ചിത്രരചനമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ബഹ്‌റൈൻ : സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ മധ്യത്തോടെ സ്കൂൾ വിദ്ധാർഥികൾക്കായി നടത്തപ്പെട്ട കേരളീയം എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ Covid-19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ നിർവ്വഹിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കുമാരി സിനു മനോഹർ ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ മലയാളത്തിന്റെ എഴുത്തമ്മയും, പൊതുസമൂഹത്തിൽ എന്നും തന്റെ നിലപാടുകൾകൊണ്ട് തല ഉയർത്തി നിന്നിട്ടുള്ളതും, പെൺകരുത്തിന്റെ പ്രതീകവുമായ പ്രിയ കവയത്രി സുഗതകുമാരി ടീച്ചർക്കും, ജീവിതഗന്ധികളായ അനശ്വര ഗാനങ്ങളും, കവിതകളും മലയാളത്തിന് സമ്മാനിച്ച് അകാലത്തിൽ നമ്മെ വിട്ടുപോയ മലയാളത്തിന്റെ ജനപ്രിയ യുവ കവി അനിൽ പനച്ചൂരാനും സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന് ആരംഭം കുറിച്ചത്.
സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ അധ്യക്ഷനായ യോഗത്തിൽ, സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു. കോവിഡ് എന്ന ദുരിത കാലഘട്ടത്തിലും കലാ സാംസ്കാരിക പ്രവർത്തനങ്ങളുൾടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അഭിനന്ദനം അറിയിക്കുകയും, ഉള്ളിലെ കലകൾ പരിപോഷിപ്പിക്കാൻ ഇനിയുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗമാവുകയും വേണമെന്ന് പ്രസിഡന്റ്, സിജുകുമാർ പറയുകയുണ്ടായി. കൺവീനർ ബാലചന്ദ്രൻ കൊന്നക്കാട് വിജയികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സമ്മാനങ്ങൾക്ക്‌ അർഹമായ ചിത്രങ്ങൾ യോഗത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ചിത്രരചനകൾക്കു നൽകിയ ആശയവും, മാനദണ്ഡങ്ങളും വിവരിച്ചു. ലോവർ പ്രൈമറി സ്കൂൾ വിഭാഗത്തിൽ, നക്ഷത്ര, ഒന്നാം സമ്മാനവും, സിയാന ജോർജ്, രണ്ടാം സമ്മാനവും, പ്രജ്വൽ, മൂന്നാം സമ്മാനവും കരസ്ഥമാക്കി.
അപ്പർ പ്രൈമറി സ്കൂൾ വിഭാഗത്തിൽ, ദീക്ഷിത് കൃഷ്ണ, ഒന്നാം സമ്മാനവും, ആദി ലക്ഷ്മി, രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഹയർ സ്കൂൾ വിഭാഗത്തിൽ, കിഷാന്തിനി, ഒന്നാം സമ്മാനവും, സിനു മനോഹർ, രണ്ടാം സമ്മാനവും നേടി.ഗോൾഡൻ സൺ അഡ്വെർടൈസിങ് ആൻഡ് പ്രൊമോഷൻസ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. എക്സിക്യൂട്ടീവ് അംഗം രജീഷ് ഗോപാൽ നന്ദി അറിയിച്ചു.