മനാമ: അന്തരിച്ച പ്രശസ്ത കവിയത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്നസുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്
‘സുഗതാഞ്ജലി അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപനമത്സരം’ സംഘടിപ്പിക്കുന്നു. മലയാളം മിഷൻ്റെ വെബ് മാഗസീനായ “പൂക്കാലത്തിൻ്റെ “ആഭിമുഖ്യത്തിൽ
ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ മേഖല/ചാപ്റ്ററുകളുലെ പഠിതാക്കൾക്കായാണ് മത്സരം.ജൂനിയർ ( 6 മുതൽ 10 വയസ്സ് വരെ) സീനിയർ (11 മുതൽ 16 വയസ്സ് വരെ) വിഭാഗങ്ങളിലാണ് മത്സരം.സുഗതകുമാരിയുടെ കവിതകളാണ് മത്സരത്തില്‍ ചൊല്ലേണ്ടത്. ചുരുങ്ങിയത് 16 വരിയെങ്കിലും കാണാതെ കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ ചൊല്ലണം.മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. മേഖല/ ചാപ്റ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം.
വിവിധ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന സെമി ഫൈനല്‍ മത്സരമാണ് രണ്ടാം ഘട്ടം. അതിൽ നിന്നും തെരഞ്ഞെടുക്കുന്നവർ പങ്കെടുക്കുന്ന ഫൈനൽ മത്സരമാണ് മൂന്നാം ഘട്ടം.
മാർച്ച് 6 വൈകിട്ട് 7 മണിക്ക് ഓണ്‍ലൈനായാണ് ഫൈനൽ മത്സരം.
ഫൈനല്‍ മത്സരത്തിലെ 1, 2, 3 വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന്‍ നല്‍കും.
ഓരോ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും.ഇതിനു പുറമെ ഒന്നാം ഘട്ടത്തില്‍ മേഖലകള്‍ക്കുള്ളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വിജയികള്‍ ക്ക് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രത്യേക സമ്മാനം നൽകുമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ വ്യക്തതയോടെ റെക്കോർഡ് ചെയ്ത കവിതയുടെ ഓഡിയോ ഫെബ്രുവരി 5 നകം പേര്, പഠിക്കുന്ന ക്ലാസ്സ്, പഠനകേന്ദ്രത്തിൻ്റെ പേര് എന്നിവ സഹിതം അതാത് മേഖലാകേന്ദ്രങ്ങളിൽ / പഠനകേന്ദ്രങ്ങളിൽ നൽകണം കൂടുതൽ വിവരങ്ങൾക്ക്: 36045442