ബഹ്റൈൻ : റഷ്യൻ നിർമ്മിത സ്പുട്നിക് ലൈറ്റ് വാക്‌സിൻ ഒറ്റ ഡോസ് അടിയന്തര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി . ഇത് സംബന്ധിച്ചു വിദഗ്ധ പഠനങ്ങൾക്കു ശേഷമാണു സ്പുട്നിക് ലൈറ്റ് വാക്‌സിൻ അംഗീകാരം നൽകാൻ ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത് . റഷ്യൻ ഫെഡറേഷൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗമാലിയ നാഷണൽ സെന്റർ ഫോർ എപ്പിഡെർമിയോളജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ച് ഗ്രൂപ്പാണ് സ്പുട്നിക് ലൈറ്റ് വാക്‌സിൻ രൂപപ്പെടുത്തിയിരിക്കുന്നത് . കോവിഡിന്റെ വകഭേദങ്ങൾക്കു സ്പുട്നിക് ലൈറ്റ് വാക്‌സിൻ ഉപകരിക്കുമെന്ന് നിർമാതാക്കൾ പരീക്ഷണ അടിസ്ഥാനത്തിൽ തെളിയിച്ചിരുന്നു . നിലവിൽ ഫൈസർ ബയോൺ ടെക് , സിനോഫോം , ജോൺസൻ ആൻഡ് ജോൺസൻ , കോവിഡ് ഷീൽഡ് – അസ്ട്ര സെനോക , സ്പുട്നിക് ഫൈവ് തുടങ്ങി അഞ്ചു വാക്‌സിനുകൾ ആണ് ബഹ്‌റിനിൽ നൽകി വരുന്നത് . സ്പുട്നിക് ലൈറ്റ് എത്തുന്നതോടെ ബഹ്‌റൈനിൽ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ എണ്ണം ആറായി മാറും . ബഹ്‌റൈനിൽ കഴിയുന്നവർക്കെല്ലാം സൗജന്യമായി വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു . സ്പുട്നിക് ലൈറ്റ് വാക്സിന് ഇറക്കുമതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന് നാഷണൽ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു .