കാരുണ്യത്തിന്റെ സമാനതകൾ ഇല്ലാത്ത കൈതാങ്ങ് …. കൈകോർത്ത് ബഹ്റൈൻ പ്രതിഭയും.

മനാമ: കാരുണ്യത്തിന്റെ സമാനതകൾ ഇല്ലാത്ത  കൈത്താങ്ങ് വീണ്ടും കേരള ജനതക്കായ് നീളുന്നു.  കൊവിഡ്  രണ്ടാം തരംഗത്തിൽ അകപ്പെട്ട കേരളീയന്റെ പ്രയാസങ്ങളെ ഇല്ലാതാക്കാനായി ബഹ്റൈൻ പ്രതിഭ കൈകോർത്ത വാക്സിൻ ചാലഞ്ചിലുടെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം നൽകിയാണ്  ബഹ്റൈനിലും ഖത്തറിലും ഉള്ള  ഖത്തർ എഞ്ചിനിയറിംഗ് ലാബോറട്ടറീസ് സ്ഥാപന ഉടമയും  പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവുമായ ശ്രീ.കെ.ജി.ബാബുരാജ് വ്യത്യസ്തനാകുന്നത്.മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം  മെഡിക്കൽ ഉപകരണങ്ങൾ നാട്ടിലേക്ക് എത്തിക്കുക എന്ന നോർക്കയുടെ “കെയർ ഫോർ കേരള” എന്ന പരിപാടി വിജയിപ്പിക്കാൻ  മുന്നിട്ടിറങ്ങിയ ബഹ്റൈനിലെ പ്രതിഭയുടെ പ്രവർത്തന ആവേശമാണ് നാടിനും ജനതക്കും വേണ്ടിയുള്ള ഈ സദ്പ്രവർത്തിയിലേക്ക്  പങ്കാളിയാകാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനമെന്ന് ശ്രീ ബാബുരാജ് അഭിപ്രായപ്പെടു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്തിന് കൈമാറി. തദവസരത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ പ്രസിഡണ്ട് കെ.എം.സതീഷ് , ട്രഷറർ കെ.എം. മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ഓക്സിജൻ കോൺസന്ററേറ്റർ,പൾസ് ഓക്സി മീറ്റർ ഉൾപ്പെടെയുളള മെഡിക്കൽ ഉപകരണങ്ങൾ നൽകി കൊണ്ട് നന്മ നിറഞ്ഞ അനേകം പ്രവാസികളാണ് ഈ ഉദ്യമത്തോട് സഹകരിക്കുന്നത്. പ്രതിഭയുടെ മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ   യൂണിറ്റുകൾ ആണ് കെയർ ഫോർ കേരള എന്ന പരിപാടിയുമായി ബഹ്റൈൻ മുഴുവൻ വ്യാപിക്കുന്നത്. പദ്ധതി പ്രകാരം ലഭിച്ച ഉപകരണങ്ങൾ വരുന്ന ദിവസം അബുദാബി വഴി സംസ്ഥാന തലസ്ഥാനത്തേക്ക് എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.