സൗദി പ്രവാസികള്‍ക്ക് കെഎംസിസി ബഹ്റൈനിന്റെ സമാശ്വാസം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ സൗദിയിലെത്തി

മനാമ: ബഹ്റൈനില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് സമാശ്വാസമായി കെഎംസിസി ബഹ്റൈന്‍ ഒരുക്കിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സഊദിയിലെത്തി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് 160 മുതിര്‍ന്നവരും നാല് കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ വീതമുള്ള വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ദമാമിലേക്കുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് 2.15 നും റിയാദിലേക്കുള്ള വിമാനം ഇന്ന് രാവിലെ 8.10 നുമാണ് യാത്ര തിരിച്ചത്. സൗദി-ബഹ്‌റൈന്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി പ്രവാസികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞാണ് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റനൈില്‍നിന്ന് സഊദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് ഒരുക്കിയത്.
ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസിന് സഊദി വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ വഴിയായിരുന്നു പലരും സൗദി യിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍-സൗദി റോഡ് മാര്‍ഗം പോകാന്‍ കഴിയാതെ വന്നതോടെ ആയിരത്തോളം മലയാളികള്‍ ബഹ്‌റൈനില്‍ ദുരിതത്തിലാവുകയായിരുന്നു.

ബഹ്റൈനില്‍ ദുരിതക്കയത്തിലായ സഊദി പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും ആശ്വാസമേകാന്‍ കെഎംസിസി ബഹ്റൈന് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ , ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവാസ സഹോദരന്‍മാര്‍ക്ക് കരുതലേകേണ്ടത് ഏവരുടെയും കടമയാണ്. ഇതിന് എല്ലാ സഹകരണവും നല്‍കിയവര്‍ക്ക് നന്ദി പ്രകടമാക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഫ്ലൈ സാഫ്രോണ്‍ ട്രാവല്‍സുമായി സഹകരിച്ചാണ് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാര്‍ട്ടേഡ് വീമാനം ഒരുക്കിയത്. ട്രാവല്‍സ് ഉടമ വിപി അഫ്‌സല്‍, കെഎംസിസി ബഹ്‌റൈന്‍ നേതാക്കളായ ഗഫൂര്‍ കൈപമംഗലം, ഷാഫി പാറക്കട്ട എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആശങ്കകള്‍ മറനീങ്ങി സഊദിയിലെത്തിയതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍.