വർത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന ബജറ്റ് – ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : മഹാമാരിക്കാലത്തു ആരോഗ്യമേഖലയെയും അതോടൊപ്പം പ്രതിസന്ധികളെ അതിജീവിച്ചു നാടിന് മുന്നോട്ട് പോകാൻ സഹായകരമാകുന്ന തരത്തിലുള്ള സാമൂഹിക സാമ്പത്തിക പാക്കേജുകൾ ഉൾപ്പടെ വർത്തമാനകാല സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധിയിൽ നിന്നും നാടിനെ കൈപിടിച്ചു കയറ്റാനും ജനങ്ങളുടെ ജീവനും ജീവിതത്തിനും കൂടുതൽ സംരക്ഷണത്തിനും ബജറ്റ് മുൻഗണന കൊടുക്കുന്നതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജും , ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും,സൗജന്യ വാക്‌സിന്‍ വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും മാറ്റി വച്ചിരിക്കുന്നതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. അതോടൊപ്പം ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പയും, കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതിയും പ്രാവർത്തികമാക്കുക വഴി ഗ്രാമീണ – കാർഷിക സാമ്പത്തിക രംഗം ശക്തിപ്പെടും.

നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീമും വായ്പ പലിശ ഇളവ് നല്‍കുന്നതിന് എടുത്ത പ്രഖ്യാപനവും കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിൽ നിൽക്കേണ്ടി വന്ന പ്രവാസികൾക്ക് ആശ്വാസവും ഉപകാരപ്രദവുമാണ്.

അങ്ങനെ നാടിന്റെ അതിജീവനത്തിനും മുന്നോട്ടുള്ള കുതിപ്പിനും
സഹായകരമാകുന്ന കാലഘട്ടം ആവശ്യപ്പെടുന്ന ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡണ്ട് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.