മനാമ:കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിജീവനത്തിന്റെ ആരോഗ്യം – എന്ന ശീർഷകത്തിൽ നടത്തി വരുന്ന ആരോഗ്യ വെബിനാർ സമാപിച്ചു. പ്രശസ്ത ഓർത്തോപതി വിദഗ്ദൻ ഡോ: പി.എ. രാധാകൃഷ്ണൻ ഓർത്തോപതിയിലെ ഉപവാസ ചികിത്സയെ കുറിച്ച് ക്‌ളാസ്സെടുത്തു സംസാരിച്ചു. ശരീരത്തിലെ അവയവങ്ങൾക്ക് സ്വയം കരുത്താർജ്ജിക്കാൻ ആവശ്യമായ വിശ്രമം നൽകേണ്ടതുണ്ടെന്നും പ്രകൃതി നിയമങ്ങൾക്കനുസൃതമായി ഭക്ഷണക്രമം ശീലിച്ചാൽ ഇത് സാധ്യമാക്കാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാത്രി ഇരുട്ടുന്നതിന് മുൻപ് തന്നെ ഭക്ഷണം കഴിച്ചു ശീലിക്കേണ്ടതാണ്. വൈകിയുള്ള ഭക്ഷണ ശീലം മൂലം ദഹനേന്ദ്രിയങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല. ഇതെല്ലാം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനായി ഉപവാസം പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ഒരു നേരത്തെ ആഹാരം ഒഴിവാക്കുമ്പോൾ തന്നെ ദഹനവുമായി ബന്ധപ്പെട്ട അവയവങ്ങൾക് വിശ്രമം ലഭിക്കുന്നു.
വിശക്കുമോൾ മാത്രം കഴിക്കുക എന്നതാണ് പ്രകൃതി. സമരത്തിന് വേണ്ടിയും മത നിഷ്ഠയുടെ ഭാഗമായും നടത്തുന്ന ഉപവാസങ്ങൾക്ക് അതീതമായി വിദഗ്ദ ഡോക്ടറുടെ കീഴിൽ ചികിത്സ രീതിയായി ഉപവാസം പരിശീലിച്ചാൽ ഒട്ടു മിക്ക അസുഖങ്ങൾക്കും പരിഹാരമാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ റിയാസ് രണ്ടത്താണി സ്വാഗതവും ജൻസീർ നന്ദിയും പറഞ്ഞു.