സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂലൈ 2 മുതല്‍.

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കു വേണ്ടി മദ്ധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിള്‍ ക്ലാസ്സുകള്‍ (ഓ. വി. ബി. എസ്സ്.) സെന്റ് മേരീസ് ഇന്ത്യന്‍ കത്തീഡ്രലില്‍ നടക്കുന്നു. ജൂലൈ 2 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6:30 മുതല്‍ 9:30 വരെയുള്ള സമയത്ത് കോവിഡ് നിബദ്ധനകൾ പ്രകാരം പൂര്‍ണ്ണമായും ഓണ്‍ ലൈനായിട്ട് ആയിരിക്കും ക്ലാസ്സുകള്‍ നടക്കുന്നത്. “നിങ്ങള്‍ കണ്ണ്‍ തുറക്കു, ക്രിസ്തുവിനെ കാണു” (വി. ലൂക്കോസ് 24:31) എന്ന വേദഭാഗമാണ്‌ ഈ വർഷത്തെ ചിന്താ വിഷയം. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോംബേ ഭദ്രാസനത്തിലെ വൈദികനായ ബഹു. ജോര്‍ജ്ജ് ജോണ്‍ അച്ചനാണ്‌ ഈ വര്‍ഷത്തെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്നത്.

ഏകദേശം എഴുന്നൂറോളം കുട്ടികളും നൂറ്റിഇരുപതോളം അദ്ധ്യാപകരും ഈ വര്‍ഷത്തെ ഓ. വി. ബി. എസ്സ്. ക്ലാസ്സുകളില്‍ പങ്കെടുക്കും. ഓ. വി. ബി. എസ്സ്. ന്റെ കൊടിയേറ്റ് കര്‍മ്മം വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ നിര്‍വഹിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സെന്റ് മേരീസ് സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഡാനിയേല്‍ കെ. ജി., അസ്സി. ഹെഡ് മിസ്റ്റ്രസ് റെനി ജോണ്‍ എന്നിവരും സന്നിഹതരായിരുന്നു.