കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’.

ബഹ്‌റൈൻ : ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഴിക്കോട് സ്വദേശി അൻസാരിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരത്തി തൊണ്ണൂറ്റിയേഴ് രൂപയാണ് (INR 2,24,097) സഹായം നൽകിയത്. ബഹ്‌റൈനിലെ ഒരു ബിൽഡിങ് മെറ്റീരിയൽ ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടത്. തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റ്‌ ആയിരുന്ന ഇദ്ദേഹം തുടർചികിത്സയ്ക്കായി കഴിഞ്ഞ മാസം നാട്ടിലേയ്ക്ക് പോവുകയായിരുന്നു. സ്വന്തമായി വീട് പോലും ഇല്ലാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. സമാഹരിച്ച തുക ട്രെഷറർ റിഷിൻ വി. എം, കോ-ഓർഡിനേറ്റർ ജയേഷ് കുറുപ്പിന് കൈമാറി. സഹായത്തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചുനൽകിയതായും സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.