സയൻസ് പ്രൊജക്ടുകളുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

മനാമ: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും  ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി  ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) സയൻസ് ക്ലബ്  പ്രവർത്തനം സജീവമാക്കി. സയൻസ്  ക്ലബ്ബിന്റെ ഓൺലൈൻ യോഗത്തിൽ  ക്ലബ് അംഗങ്ങൾ കൗതുകം ഉണർത്തുന്ന  പ്രോജക്ടുകൾ അവതരിപ്പിച്ചു.   പ്രോജക്ടിന്റെ  പ്രവർത്തനങ്ങളെ നന്നായി ചിട്ടപ്പെടുത്തിയ രീതിയിൽ അവർ വിശദീകരിച്ചു.  എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായ സായൂജ്   റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച വാക്വം ക്ലീനർ അവതരിപ്പിച്ചു. ഗാർഹിക മലിനജലം പുനരുപയോഗത്തിനായി എങ്ങനെ ശുദ്ധീകരിക്കാമെന്ന് കാണിക്കുന്ന ഒരു പ്രോജക്റ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ജനനി എം അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ സോളാർ കുക്കർ നിർമ്മാണം വിശദീകരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി  ജീവിത സൗരോർജ്ജത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചു. സയൻസ് ക്ലബിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾ ഇവരാണ് : ജനനി എം (പ്രസിഡന്റ്), സഹാന എം (വൈസ് പ്രസിഡന്റ്), ദീക്ഷിത് കൃഷ്ണ (സെക്രട്ടറി), മുഹമ്മദ് ഷമാസ് (ഇവന്റ് പ്ലാനർ). വേനൽക്കാല അവധിക്കാലത്ത് ക്ലബ്ബ് ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി അധികൃതർ പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ സയൻസ് ക്ലബ് യോഗത്തിൽ മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ സഹാന, രുദ്ര എന്നിവർ ചടങ്ങു അവതരണം നിർവഹിച്ചു.    മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ വിനോദ് എസ് സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. പവർപോയിന്റ് അവതരണത്തിലൂടെ സയൻസ് ക്ലബിന്റെ ലക്ഷ്യം ഭൗതികശാസ്ത്ര വിഭാഗം മേധാവി സുദിപ്തോ  സെൻഗുപ്ത വിശദീകരിച്ചു. ബയോളജി വിഭാഗം മേധാവി സുദീപ ഘോഷ് അനുമോദ പ്രസംഗം നടത്തി. വിവിധ വകുപ്പുകളുടെ മേധാവികൾ, കോർഡിനേറ്റർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടി  സജീവമാക്കി.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തിയെടുക്കാനും വിവിധതരം ശാസ്ത്രവിഷയങ്ങൾ അവരെ പരിചയപ്പെടുത്താനും ഫീൽഡ് വർക്ക്, റിസർച്ച്, പ്രോജക്ട് അവതരണങ്ങൾ എന്നിവയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാനും സയൻസ് ക്ലബ് ലക്ഷ്യമിടുന്നുവെന്നു സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ  പറഞ്ഞു. സയൻസ് ക്ലബ്ബ് ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയ പരിശീലനത്തിന് അവസരങ്ങൾ നൽകുമെന്നും  സെക്രട്ടറി സജി ആന്റണി പറഞ്ഞു.ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും  പ്രചോദിപ്പിച്ച അധ്യാപകരെയും   പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അഭിനന്ദിച്ചു.